15 വർഷമായി നികുതിവെട്ടിപ്പ്: ട്രംപിന്റെ കമ്പനിക്ക് 13 കോടി പിഴ
|കഴിഞ്ഞ മാസം 17 ക്രിമിനൽ കേസുകളിൽ ട്രംപിന്റെ രണ്ട് സ്ഥാപനങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ന്യൂയോർക്ക്: മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 13 കോടി രൂപ (1.61 മില്യൺ ഡോളർ) പിഴ. നികുതി വെട്ടിപ്പ് നടത്തിയതിനാണ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് മാൻഹട്ടൻ ക്രിമിനൽ കോടതി ജഡ്ജ് ജസ്റ്റിസ് ജുവാൻ മെർച്ചൻ ശിക്ഷ വിധിച്ചത്. 15 വർഷമായി കമ്പനികൾ നികുതി അധികാരികളെ കബളിപ്പിച്ചു വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 17 ക്രിമിനൽ കേസുകളിൽ ട്രംപിന്റെ രണ്ട് സ്ഥാപനങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മാൻഹട്ടൻ ക്രിമിനൽ കോടതിയിലെ ജസ്റ്റിസ് ജുവാൻ മെർച്ചൻ സ്റ്റേറ്റ് നിയമപ്രകാരം സാധ്യമായ പരമാവധി ശിക്ഷ വിധിച്ചത്.
ട്രംപ് ഓർഗനൈസേഷനു കീഴിലുള്ള കമ്പനികളായ ട്രംപ് കോർപ്പറേഷനും ട്രംപ് പേറോൾ കോർപ്പറേഷനും തെറ്റായ ബിസിനസ് രേഖകളിലൂടെ നികുതി വെട്ടിക്കുന്നതിനുള്ള പദ്ധതി നടത്തിയതിന് നികുതി വെട്ടിച്ചതിനും കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇപ്പോൾ ശിക്ഷാവിധി.
നിലവിൽ ട്രംപിന്റെ രണ്ട് മക്കളായ ഡൊണാൾഡ് ജൂനിയറും എറിക്കുമാണ് കമ്പനികളുടെ നടത്തിപ്പുകാർ. ട്രംപിന്റെ കുടുംബത്തിനായി അരനൂറ്റാണ്ടോളം ജോലി ചെയ്യുകയും കമ്പനിയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരിക്കുകയും ചെയ്ത അലൻ വീസൽബെർഗിനെ ജഡ്ജ് ചൊവ്വാഴ്ച അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.
അതേസമയം, ശിക്ഷയ്ക്കെതിരെ ട്രംപിന്റെ കമ്പനി അപ്പീൽ നൽകാൻ ആലോചിക്കുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാളായ സൂസൻ നെച്ചെൽസ് പറഞ്ഞു. കേസിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്നും സൂസൻ അവകാശപ്പെട്ടു.
ഇതിനിടെ, മാൻഹട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗ് ഇപ്പോഴും ട്രംപിന്റെ ബിസിനസുകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ട്രംപിന്റെ സ്ഥാപനത്തിന്റെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പിഴയെന്ന് പ്രോസിക്യൂട്ടർമാരിൽ ഒരാളായ ജോഷ്വ സ്റ്റൈൻഗ്ലാസ് പറഞ്ഞു.