ഗസ്സയിലെ ഈ സ്വപ്‌നങ്ങൾക്ക് എന്നാണ് ജീവൻവെക്കുക
|വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു ഒൻപതുകാരനായ വാലിദിന്റെ ആഗ്രഹം. ആ ഫുട്‍ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും...
ആനിമേറ്റഡ് ചിത്രങ്ങളിൽ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്ന ഒരു വോയിസ് ഓവർ ആർട്ടിസ്റ്റ് ആകണമെന്നായിരുന്നു സാറാ അൽജമലിന്റെ സ്വപ്നം. മിഡിൽ ഈസ്റ്റിലെ അറിയപ്പെടുന്ന വോയിസ് ഓവർ ആർട്ടിസ്റ്റുകളിൽ ഒരാളായ ഫൗദ് ഷംസിനൊപ്പം വോയ്‌സ് ആക്ടിംഗ് ക്ലാസുകളും ആരംഭിച്ചിരുന്നു സാറാ.
ഹൃദയത്തിൽ ഒരു ഹോളുമായി ജനിച്ചെങ്കിലും സ്വപ്നം കാണുന്നതിന് അതൊന്നുംതന്നെ സാറക്കൊരു തടസമായിരുന്നില്ല. 23 വയസിനിടെ 20 സർജറികളിലൂടെയാണ് കടന്നുപോയത്. ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സ്വപ്‌നം കണ്ട വഴിയിൽ എങ്ങനെയെങ്കിലും എത്തിപ്പെടുക എന്നത് മാത്രമായിരുന്നു ചിന്ത. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയ ആദ്യദിവസം തന്നെ ആ സ്വപ്നങ്ങളും ചിതറിത്തെറിച്ചു.
ഗസ്സയിൽ നിന്ന് ജീവൻ ബാക്കിയായ ആശ്വാസത്തിൽ റഫയിലേക്ക്. ഒരു കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഒറ്റമുറിയിലാണ് സാറയും അവളുടെ എട്ടംഗ കുടുംബവും മാസങ്ങളോളം കഴിഞ്ഞത്. ഈ ജീവിതവും അവസാനിക്കുന്നു. കഴിഞ്ഞ ദിവസം സാറയുടെ കുടുംബത്തിന് ഇസ്രായേൽ സൈന്യത്തിന്റെ ഒരു ഫോൺ സന്ദേശം ലഭിച്ചു. അൽ-മവാസിയിലേക്ക് പോകൂ.. എന്നായിരുന്നു സന്ദേശം.
രണ്ടടി കഷ്ടിച്ച് നടക്കാൻ പാടുപെടുന്ന സാറാ അൽജമാലിന് ജീവൻ രക്ഷിക്കാൻ ഇനിയും ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. റഫയിൽ ആക്രമണം നടക്കുമെന്ന ഭയത്താൽ കുടുംബവുമായി പുറത്തേക്കെത്താനുള്ള പണം നേരത്തെ തന്നെ സാറ സ്വരൂപിച്ച് തുടങ്ങിയിരുന്നു. എന്നാൽ, അതിനോടകം തന്നെ ഇസ്രായേൽ സൈന്യം റഫ അതിർത്തിയിൽ അധിനിവേശം സ്ഥാപിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.
അൽ മവാസിയിലേക്കുള്ള യാത്രാ തയ്യാറെടുപ്പിനിടെ സാറക്കിപ്പോൾ സ്വപ്നം കാണാനുള്ളത് തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം മാത്രമാണ്. അവർ മണിക്കൂറുകളോളം ഏറെദൂരം നടക്കേണ്ടി വരും. അവൾ വീൽചെയറിൽ ആയിരിക്കും. ഈ ആരോഗ്യസ്ഥിതിയിൽ എങ്ങനെയാണ് മാതാപിതാക്കൾക്കൊപ്പം ഒരു ടെന്റിൽ താമസിക്കുക? ജീവിക്കുമോ അതോ മരിച്ചുപോകുമോ...
ഇനിയെന്ത്...
32-കാരനായ ഖാദർ അൽ-ബെൽബെസിയെ സംബന്ധിച്ചിടത്തോളം റഫയിലേക്കുള്ള ഇസ്രായേൽ സൈന്യത്തിന്റെ കടന്നുകയറ്റം ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ്. മൂന്ന് കുട്ടികളുടെ പിതാവാണ് അദ്ദേഹം. റഫ വിടുക എന്നാൽ കുടുംബത്തെ യുദ്ധക്കളത്തിന് നടുവിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാണ്. കിഴക്കൻ റഫ വിടാൻ നിർദേശിക്കുന്ന ഒരു ലഘുലേഖ ഇസ്രായേലി സൈന്യത്തിൽ നിന്ന് തിങ്കളാഴ്ചയാണ് ഖാദർ അൽ-ബെൽബെസിക്ക് ലഭിക്കുന്നത്. ഈ ലഘുലേഖകൾ താഴെയിറക്കിയത് സൈന്യം നേരിട്ട് തലയിൽ ബോംബിടുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുടുംബത്തെ സുരക്ഷിതമാക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്. എങ്ങോട്ടെങ്കിലും പോകാൻ ഗതാഗത സൗകര്യമില്ല. ഇസ്രായേലി ഉപരോധം മൂലം യുദ്ധത്തിന് മുൻപും ഗാസയിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, കഠിനാധ്വാനം കൊണ്ട് കുടുംബവുമൊത്ത് സന്തോഷമുള്ള ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഖാദറിന്റെ ഭാര്യ തസ്നീം കഴിവുള്ള ഒരു ഫാർമസിസ്റ്റായിരുന്നു.
താൽ അൽ-ഹവയിലെ കടൽത്തീരത്തെ ഒരു വലിയ വീട്ടിലാണ് അവർ താമസിച്ചിരുന്നത്. ഒൻപതുവയസുള്ള മൂത്ത മകനായ വാലിദ് ഒരു ഫുട്‍ബോൾ ക്ലബ്ബിൽ കളിച്ചിരുന്നു. വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. ആ ഫുട്‍ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും. യുദ്ധത്തിൽ എല്ലാം തകർന്നുകഴിഞ്ഞു.
തനിക്കും കുടുംബത്തിനും ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖാദർ പറയുന്നു. ഒരു മാസം മുൻപാണ്, തസ്നീം അവരുടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. മാസങ്ങളായി അഭയം പ്രാപിച്ച ഒറ്റമുറി അപ്പാർട്ട്മെൻ്റിൽ. വൈദ്യസഹായം ഒന്നുമില്ലാതെ ഒരു കുഞ്ഞുജീവൻ പിറന്നുവീണു. യുദ്ധം ഗസയിലെ എല്ലാ ആശുപത്രികളെയും പ്രവർത്തനരഹിതമാക്കി. അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ഗതാഗത സൗകര്യങ്ങളൊന്നും ലഭ്യമല്ല. അങ്ങനെ പോവുകയാണെങ്കിൽ കൂടി തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല.
കുടുംബവുമായി ഈജിപ്തിലേക്ക് പോകാൻ പണം സ്വരൂപിക്കുകയായിരുന്നു ഖാദർ. നാളെ സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപിച്ചാലും താൻ ഗസ്സ വിടുമെന്ന് ഖാദർ പറയുന്നു. എന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ മറ്റൊരു രാജ്യം ഞാൻ തിരയും. കാരണം ഗാസ മുനമ്പിന്റെ പുനരധിവാസത്തിന് 20 വർഷമെങ്കിലും ആവശ്യമാണ്... യുദ്ധം എല്ലാം നശിപ്പിച്ചു.
ഇരുണ്ട നിറങ്ങൾ...
മുഹമ്മദ് അൽമദൗൻ മാസങ്ങളായി ഗസ്സയിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, അതിർത്തിയിലെ ഏജന്റുമാർ ആവശ്യപ്പെടുന്ന ഭീമമായ വില അദ്ദേഹത്തിന്റെ പക്കലില്ല. ഗസയിലെ ജബാലിയയിൽ നിന്നുള്ള 44 കാരനായ വിഷ്വൽ ആർട്ടിസ്റ്റ് ആണ് അൽമദൗൻ. ഒരു ആർട്ട് റെസിഡൻസിക്കായി അയർലണ്ടിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു അദ്ദേഹം. ഒക്ടോബർ ഏഴിനായിരുന്നു ഫ്‌ളൈറ്റ്. ആ ദിവസം തന്നെ ഗസ്സയെ പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവും മാറിമറിഞ്ഞു. സ്വപ്നങ്ങളും.
ഇപ്പോൾ അഭയം തേടിയ സ്‌കൂളിൽ കുട്ടികൾക്ക് പെയിന്റിങ് ക്ലാസ് എടുക്കുകയാണ് അദ്ദേഹം. തകർന്നയിടങ്ങളിൽ നിന്ന് കിട്ടുന്ന പെയിന്റുകളുടെയും മറ്റും അവശിഷ്ടങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. തിങ്ങിനിറഞ്ഞ ഒരു ക്ലാസ് മുറിയുടെ മൂലയിലാണ് താമസം. ജീവിത സാഹചര്യങ്ങൾ കാരണം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാണ്. തണുപ്പ് കാരണം കുറച്ച് മാസങ്ങൾക്ക് മുമ്പ് ശ്വാസകോശ അണുബാധയുണ്ടായതായും അൽമദൗൻ പറയുന്നു.
ബോംബ് സ്‌ഫോടനത്തിൽ ജനാലകൾ പൂർണമായും തകർന്നു. ബാക്കിയായവ അടക്കാൻ കഴിയുന്നില്ല. അത് ഏറെ അപകടമാണ് ഞങ്ങൾക്കുണ്ടാക്കുന്നതെന്നും അൽമദൗൻ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി ഇസ്രായേൽ വ്യോമാക്രമണത്തിൻ്റെ ശബ്ദം സ്ഥിരമാണ്. ഈ ആഴ്ച ആദ്യം കിഴക്കൻ റഫയിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ ആ രാത്രി മുഴുവൻ ബോംബ് വീഴുന്ന ശബ്ദം നിലച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരാശിക്ക് കരുണയില്ലാത്ത നരകമാണ് നമ്മുടെ ജീവിതം. എന്നാൽ തൻ്റെ വേദനയിലും കഴിവുകൾ ചേർത്തുപിടിക്കുകയാണ് ഈ കലാകാരൻ. കുട്ടികളെ ആർട്ട് ക്ലാസുകൾ പഠിപ്പിക്കുന്നതിനൊപ്പം, ഒരു വലിയ കാൻ ഉപയോഗിച്ച് ഒരു താൽക്കാലിക അടുപ്പും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ആവശ്യമാണ് കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് അൽമദൗൻ പറഞ്ഞുവെച്ചു.
ആയിരക്കണക്കിന് ഫലസ്തീനികളുടെ നേർചിത്രമാണ് സാറയും ഖാദറും അൽമദൗനുമെല്ലാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവിതം ഇങ്ങനെയാണ്. ഇപ്പോൾ ആ അനിശ്ചിതത്വം രൂക്ഷമായിരിക്കുന്നു. യുദ്ധകാലത്തുടനീളം കണ്ടതിനേക്കാൾ ഭീകരമായ ചിത്രങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിസ്സഹായമായ മുഖങ്ങൾ.. ഒരു ജീവിതത്തിൽ സമ്പാദിച്ചതിൽ ബാക്കിയായവ കുന്നുകൂട്ടിയിട്ടിരിക്കുന്ന കാഴ്ച.. എങ്ങോട്ട് പോകുമെന്നറിയാതെ പിറ്റേന്ന് കണ്ണുതുറക്കുമോ എന്നുപോലുമറിയാതെ ഉറങ്ങാൻ പോകുന്നവർ.
പടിഞ്ഞാറൻ റഫയിലേക്കുള്ള പലായനം പലർക്കും സാധ്യമായ കാര്യമല്ല. സാമ്പത്തികമോ ശാരീരികമോ ആയ കാരണങ്ങളാൽ പലർക്കും യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്. കിഴക്കൻ റഫയിൽ തുടരുന്നവർ ഭക്ഷണവും വെള്ളവും മറ്റ് അതിജീവന അവശ്യവസ്തുക്കളും സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ, അവശ്യ സഹായത്തിന്റെ വഴി ഇസ്രായേൽ വളരെ നേരത്തെ തന്നെ അടച്ചുകഴിഞ്ഞു.
അൽ-മവാസിയിൽ തങ്ങൾക്ക് താമസിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ചെറിയൊരു ടെന്റെങ്കിലും കിട്ടുമോ എന്ന തിരച്ചിലിലാണ് ഫലസ്തീൻ കുടുംബങ്ങൾ. സുന്ദരമായ ഒരു ജീവിതമായിരുന്നു സ്വപ്നം.. ഇപ്പോൾ തിരിച്ചുകിട്ടിയ ജീവൻ നിലനിർത്താനുള്ള ഓട്ടത്തിലാണ്. ഏത് ദിവസമാണ് തങ്ങളുടെ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെക്കുക? ചോദ്യം ലോകത്തോടാണ്...