34 ലക്ഷമുണ്ടോ, മെസിക്കൊപ്പം കള്ളുകുടിക്കാം; ചൈനീസ് ആരാധകരെ വലവീശി തട്ടിപ്പുകാർ
|ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി, മുൻ നിര സീറ്റുകൾ, 8,000 യുവാന് മെസിക്കൊപ്പം ഫോട്ടോ ഇങ്ങനെ പോകുന്നു തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ
ബീജിംഗ്: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിക്കൊപ്പം ഒരു സെൽഫിയെടുക്കുന്നത് പോലും ജീവിതാഭിലാഷമാക്കിയ ആരാധകരുണ്ട്. എന്നാൽ, ആരാധന മൂത്ത് കണ്ണുകാണാതായാൽ എങ്ങനെയുണ്ടാകും? അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചൈനയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ. മെസി ബീജിംഗ് സന്ദർശിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ചൈനയിൽ പുതിയ തട്ടിപ്പ് ഇറങ്ങിയത്.
വ്യാഴാഴ്ച തലസ്ഥാനത്ത് ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി അർജന്റീനിയൻ ഇതിഹാസം എത്തുന്നത് മുതലെടുത്താണ് തട്ടിപ്പുകാർ തലപൊക്കിയത്. മെസിക്കൊപ്പം ഡിന്നർ കഴിക്കാനും മദ്യസൽക്കാരത്തിനുമായി 300,000 യുവാൻ (ഏകദേശം 42000 ഡോളർ) ആണ് ചോദിക്കുന്നത്. ഇത്തരം പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ബീജിംഗ് പോലീസ് മുന്നറിയിപ്പുമായി രംഗത്തുണ്ട്.
5,000 യുവാന് ഇൻഡോർ സ്റ്റേഡിയം പാസുകൾ വില്പനക്ക് വെച്ചവരും ഓൺലൈനിൽ സജീവമാണ്. ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി, മുൻ നിര സീറ്റുകൾ, 8,000 യുവാന് മെസിക്കൊപ്പം ഫോട്ടോ ഇങ്ങനെ പോകുന്നു തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ. 50 മില്യൺ യുവാന് മെസി നിങ്ങളുടെ ഷോപ്പിനു പ്രമോഷൻ നൽകുമെന്ന തട്ടിപ്പ് ഇതിൽ നിന്ന് വേറിട്ടുനിൽക്കുന്നു.
ശനിയാഴ്ചയാണ് മെസി ബെയ്ജിംഗിൽ എത്തിയത്. 580 മുതൽ 4,800 യുവാൻ വരെയുള്ള ഗെയിമിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നുകഴിഞ്ഞു. പിന്നാലെ പ്രിയ താരത്തിനെ കാണാനായി പുതിയ വഴികൾ തേടുകയാണ് ചൈനീസ് ആരാധകർ. ഇതിനിടെയാണ് വലവീശി തട്ടിപ്പുകാർ സജീവമാകുന്നത്.