ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവീവില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രണം: ഒരാള്‍ കൊല്ലപ്പെട്ടു
|ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികൾ അവകാശപ്പെട്ടു
തെൽ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് തലസ്ഥാനമായ തെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
യെമനിൽ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പടെ ഹൂതികൾ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതേസമയം, ഇസ്രായേലികൾക്ക് സുരക്ഷയൊരുക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
തെൽ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇസ്രായേൽ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കൽ ബ്യൂറോ വക്താവ് ഹസാം അൽ അസദ് പറഞ്ഞു. ‘ശത്രുവിനെതിരായ നീക്കങ്ങളിൽ പുതിയ നയതന്ത്ര ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ് ഞങ്ങൾ. ലബനാൻ, ഇറാഖ്, ഫലസ്തീൻ രാജ്യങ്ങളിലെ പ്രതിരോധ മുന്നണികൾ തമ്മിൽ പരസ്പര സഹകരണമുണ്ട്.’ ഹസാം കൂട്ടിച്ചേർത്തു.