ഇറാഖിൽ സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; തകർത്തെന്ന് യു.എസ്
|ആക്രമണത്തിന് പിന്നിൽ ആരാണ് എന്നത് സംബന്ധിച്ച സൂചനകൾ നൽകാൻ സൈന്യം തയ്യാറായില്ല.
ബാഗ്ദാദ്: ഇറാഖിൽ യു.എസ് സൈനിക ക്യാമ്പിന് നേരെയുള്ള ഡ്രോൺ ആക്രമണ തകർത്തെന്ന് സൈന്യം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെ യു.എസ് നിയന്ത്രണത്തിലുള്ള അൽ അസദ് വ്യോമത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിൽ ആരാണ് എന്നത് സംബന്ധിച്ച സൂചനകൾ നൽകാൻ സൈന്യം തയ്യാറായില്ല. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പിന്തുണയുള്ള സംഘടനകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യു.എസ് നേരത്തെ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനെതിരെ ഇറാഖിൽ വൻ പ്രതിഷേധ റാലികൾ നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലറങ്ങിയത്. ശിയാ നേതാവായ ആയത്തുല്ല അലി സിസ്താനി ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുകയും ഈ ക്രൂരതക്കെതിരെ ലോകം അണിനിരക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.