ആരും തിരിച്ചറിഞ്ഞില്ല; സാധാരണക്കാരനെ പോലെ ലണ്ടനിൽ ചുറ്റിക്കറങ്ങി 'ഫസ്സ' രാജകുമാരൻ
|തിരക്കേറിയ കമ്പാർട്ട്മെന്റിൽ സാധാരണക്കാരനെ പോലെ നിൽക്കുകയാണ് രാജകുമാരൻ. ചുറ്റുമുള്ള ആളുകളാരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല എന്നതാണ് കൗതുകമുണർത്തുന്നത്
ദുബൈ രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഏറെ പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള രാജകുമാരന്‍റെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. 'ഫസ്സ' എന്ന പേരിലുള്ള ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രം ഏകദേശം 14.5 മില്യൺ ഫോളോവേഴ്സാണുള്ളത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രാജകുമാരൻ അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പം ലണ്ടനിൽ എത്തിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്
ലണ്ടനില്‍ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സുഹൃത്ത് ബദറിനൊപ്പം പകർത്തിയ ചിത്രങ്ങൾ കണ്ട ആരാധകർ അമ്പരന്നു. തിരക്കേറിയ കമ്പാർട്ട്മെന്റിൽ സാധാരണക്കാരനെ പോലെ നിൽക്കുകയാണ് രാജകുമാരൻ. ചുറ്റുമുള്ള ആളുകളാരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല എന്നതാണ് കൗതുകമുണർത്തുന്നത്. 'ഒരുപാട് ദൂരം പോകാനുണ്ട്, ബദറിന് ഇപ്പോഴേ ബോറടിച്ച് തുടങ്ങി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേർ പ്രതികരണവുമായി എത്തി.
'പാവങ്ങൾ, അവർക്കറിയില്ല ആരോടൊപ്പമാണ് യാത്ര ചെയ്യുന്നത്' എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'ഞങ്ങളും ആ ട്രെയിനിൽ ഉണ്ടായിരുന്നെങ്കിൽ' എന്ന ആഗ്രഹം പങ്കുവെച്ചവരും കുറവല്ല. ഇങ്ങനെ നിരവധി രസകരമായ കമന്റുകളും ലക്ഷക്കണക്കിന് ലൈക്കുകളുമാണ് ചിത്രത്തിൽ നിറയുന്നത്. നേരത്തെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമീനും തന്റെ ഇരട്ടക്കുട്ടികൾക്കുമൊപ്പമുള്ള ഷെയ്ഖ് ഹംദാന്റെ ഫോട്ടോയും വൈറലായിരുന്നു. ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറകളെ ഒറ്റ ഫ്രെയ്മിൽ കണ്ടതിനാല്‍ തന്നെ ചിത്രത്തെ വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
'എന്‍റെ മൂന്ന് സ്‌നേഹങ്ങൾ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് 100,000 ലൈക്കുകളും 2,500 ലേറെ കമന്റുകളും ലഭിച്ചിരുന്നു. ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളും സോഷ്യൽ മീഡിയയുടെ പ്രിയങ്കരരാണ്.