World
ലോക്ഡൗണിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിഷേധം; നെതര്‍ലാന്‍ഡ്സില്‍ അക്രമം
World

ലോക്ഡൗണിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിഷേധം; നെതര്‍ലാന്‍ഡ്സില്‍ അക്രമം

Web Desk
|
22 Nov 2021 8:10 AM GMT

കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ മാർച്ച് നടത്തി

രണ്ടു വര്‍ഷത്തോളമായി കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കിയിട്ടുണ്ട്. കോടിക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടും വൈറസിന്‍റെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കുറയുമ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വ്യാപനം തടയാന്‍ ഭരണകൂടം വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. എന്നാല്‍ ലോക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാനാകുന്നില്ല. അടച്ചുപൂട്ടലിനെതിരെ ജനം തെരുവിലിറങ്ങുന്ന കാഴ്ചയാണ് നെതര്‍ലാന്‍ഡ്സ് പോലുള്ള രാജ്യങ്ങളില്‍ കാണുന്നത്.



കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ മാർച്ച് നടത്തി. ചില പ്രതിഷേധക്കാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പടക്കങ്ങൾ എറിഞ്ഞു. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് റസ്റ്റോറന്‍റുകളിലും ബാറുകളിലും പ്രവേശനം നിഷേധിക്കുന്ന നടപടിക്കെതിരെയാണ് ചിലയിടങ്ങളില്‍ പ്രതിഷേധം. ലോക്ഡൗണ്‍ നിയമങ്ങള്‍ക്കെതിരെ നെതര്‍ലാന്‍ഡ്സില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണിത്.


ശനിയാഴ്ച, റോട്ടർഡാമിലെ പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിർക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹേഗിൽ ആളുകൾ പൊലീസിന് നേരെ പടക്കങ്ങൾ എറിയുകയും സൈക്കിളുകൾക്ക് തീയിടുകയും ചെയ്തു. അക്രമത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ അറസ്റ്റ് ചെയ്തു. വേനൽക്കാലത്തിന് ശേഷം ഭാഗിക ലോക്ഡൗണ്‍ ഏർപ്പെടുത്തുന്ന ആദ്യത്തെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്‌സ്. ഇതേതുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതര്‍ലാന്‍ഡ്സില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 23,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നീണ്ടുനിൽക്കും. റസ്റ്റോറന്‍റുകൾ, ബാറുകൾ, അവശ്യവസ്തുക്കളുടെ കടകൾ എന്നിവ രാത്രി 8 മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മറ്റു കടകള്‍ക്ക് വൈകിട്ട് 6 വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.


പുതിയ നിയന്ത്രണങ്ങൾക്കെതിരെ ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും ആയിരക്കണക്കിന് പ്രകടനക്കാർ തെരുവിലിറങ്ങി. ബെല്‍ജിയത്തില്‍ ഇതിനോടകം മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. റസ്റ്റോറന്‍റുകളിലും മറ്റും കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണിത്. കൂടാതെ ഭൂരിഭാഗം ബെല്‍ജിയംകാരും ഡിസംബര്‍ പകുതി വരെ ആഴ്ചയില്‍ നാലു ദിവസം വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരേണ്ടിവരും. ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നിർബന്ധമാക്കാനും ആലോചനയുണ്ട്.

Similar Posts