ശ്രീലങ്കയിൽ സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷം; പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ യോഗം ചേർന്നു
|ഭരണപക്ഷത്തെ പോലെ പ്രതിപക്ഷത്തിനും പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്ന് പ്രസിഡന്റ് ഓർമപ്പെടുത്തി
ശ്രീലങ്കയിൽ സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായി തുടരുകയാണ്. പ്രതിസന്ധി അതിജീവിക്കാനുള്ള നീക്കങ്ങൾ പ്രസിഡന്റ് ഗോടബായ രജപക്സെ വിളിച്ച വിവിധ പാർട്ടികളുടെ യോഗം വിലയിരുത്തി. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിവിധ പാർട്ടികളുടെ യോഗത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രജപക്സെ പറഞ്ഞു. യോഗം രാഷ്ട്രീയലക്ഷ്യം വെച്ചാണെന്ന ആരോപണവും ഗോടബയ തള്ളി. ഭരണപക്ഷത്തെ പോലെ പ്രതിപക്ഷത്തിനും പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്ന് പ്രസിഡന്റ് ഓർമപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷ പാർട്ടികൾ യോഗം ബഹിഷ്കരിക്കുകയാണുണ്ടായത്. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഗണ്യമായ നികുതി ഏർപ്പെടുത്തി. കൂടാതെ ഭീകരവിരുദ്ധ നിയമത്തിലെ പരിഷ്കാരങ്ങള്‍ക്കും ഇന്നലെ അംഗീകാരം നൽകി.
യുദ്ധകാലത്ത് പോലും കാണാത്തത്ര സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ തുടരുന്നത്. വൈദ്യുതി, ഭക്ഷണം, പാചകവാതകം തുടങ്ങിയവ മുടങ്ങിയതിനാൽ പ്രതിഷേധവും ആളിപ്പടരുകയാണ്. ജനത്തെ നിയന്ത്രിക്കാൻ പെട്രോൾ പമ്പുകളിലടക്കം സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. കൊളംബോയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ജനം റോഡുകൾ തടഞ്ഞിരുന്നു. രാജ്യത്തെ പട്ടിണി ഭയന്ന് പലായനവും തുടങ്ങിക്കഴിഞ്ഞു.
ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ 16 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള ദ്വീപിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ മൂന്നു പേർ കുട്ടികളാണ്. തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും മൂലം ജാഫ്ന, കൊക്കുപടയ്യൻ നിവാസികളാണ് കടൽ കടന്ന് ഇന്ത്യയിലെത്തിയത്. ഇവരെ കോസ്റ്റ് ഗാർഡ് ചോദ്യംചെയ്യുകയാണ്. പിടിയിലായവരെ ക്യാമ്പുകളിലേക്ക് മാറ്റി.
മനുഷ്യക്കടത്ത് സംഘങ്ങൾക്ക് പണം നൽകിയാണ് പലരും കടൽ കടക്കുന്നത്. ബോട്ടിൽ രാമേശ്വരത്തെത്താൻ 50,000 രൂപ നൽകിയെന്ന് ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത ഗജേന്ദ്രനും സംഘവും പറയുന്നു. അടുത്ത ദിവസങ്ങളിലും ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനു മുൻപ് 1980കളിലെ ആഭ്യന്തര സംഘർഷത്തിനിടെയാണ് ശ്രീലങ്കയിൽ നിന്ന് വൻതോതിൽ അഭയാർഥി പ്രവാഹമുണ്ടായത്. അക്കാലത്ത് തമിഴ്‌നാട്ടിലെത്തിയ 60,000 പേർ 107 ക്യാമ്പുകളിലായി കഴിയുന്നുണ്ട്.
പണം നൽകിയാൽ പോലും ഇന്ധനം ലഭ്യമല്ലാത്ത അവസ്ഥയാണ് ശ്രീലങ്കയിൽ. പ്രായമായവർ ഉൾപ്പെടെയുള്ളവരുടെ നീണ്ട നിര പെട്രോൾ പമ്പുകൾക്ക് മുന്നിൽ കാണാം. പെട്രോൾ പമ്പുകളിലെ സംഘർഷ സാധ്യത പരിഗണിച്ച് സൈനികരെ നിയോഗിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വിദേശനാണ്യ പ്രതിസന്ധിക്കിടെയാണ് പെട്രോളിയം വില കുതിച്ചുയർന്നത്.
പേപ്പർ ക്ഷാമം കാരണം ശ്രീലങ്കയിലെ എല്ലാ പരീക്ഷകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. വിദേശനാണ്യത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സായ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല, കോവിഡ് മഹാമാരിയുടെ കാലത്ത് തകർന്നടിഞ്ഞിരുന്നു. 2019ലെ ഈസ്റ്ററിനിടെ കൊളംബോയിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വൻതോതിൽ കടമെടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പഞ്ചസാര, പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങി അവശ്യവസ്തുക്കൾ പോലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. കടബാധ്യതാ തിരിച്ചടവ് പുനക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥന ചൈന അംഗീകരിച്ചില്ല. ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു ഇന്ത്യയുടെ സഹായ വാഗ്ദാനം. മാർച്ച് 17നായിരുന്നു ഇത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു. പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടുമെന്ന് പ്രസിഡന്റ് ഗോദബായ രജപക്സെ പറഞ്ഞു.
ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ബുധനാഴ്ച വിഴിഞ്ഞത്ത് കടലിൽ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു.