ഇക്വഡോർ ജയിലിലെ കലാപത്തിൽ 116 മരണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
|ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്നാണ് വിവരം.
ഇക്വഡോറിലെ ജയിലിലുണ്ടായ കലാപത്തിൽ 116 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സർക്കാർ രാജ്യത്തെ ജയിലുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ചുപേരുടെ തല അറുത്തെടുത്ത നിലയിലായിരുന്നു. ഗുവയാസ് പ്രവിശ്യാ ജയിലിലെ തടവുകാരാണ് തോക്കും കത്തിയും ഉപയോഗിച്ച് എറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്നാണ് വിവരം. രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ജയിൽ കലാപമാണ് ചൊവ്വാഴ്ച നടന്നത്.
ബുധനാഴ്ചയാണ് പ്രസിഡന്റ് ഗില്ലിർമോ ലാസ്സോ ജയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പൊലീസിനും സൈന്യത്തിനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ജയിലിലെ ക്രമസമാധാന നില പൂർണമായും നിയന്ത്രണവിധേയമായതായി പറയാനായിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.