World
​ഗസ്സയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഈജിപ്ത്
World

​ഗസ്സയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഈജിപ്ത്

Web Desk
|
28 Oct 2024 2:57 AM GMT

ഒരു സമ്പൂർണ വെടിനിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി

കെയ്റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു വർഷത്തിലേറെ നീണ്ട യുദ്ധം തുടരവേ ​ഗസ്സയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ഇതിലൂടെ ഒരു സമ്പൂർണ വെടിനിർത്തലാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്. ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്കായി ​ഗസ്സയിൽ തടവിലാക്കപ്പെട്ട നാല് ഇസ്രായേൽ ബന്ദികളെ കൈമാറാനും ഈജിപ്ത് നിർദേശിച്ചു. തുടർന്ന് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ ഫലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ​ഗസ്സയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും'. കെയ്റോയിൽ അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു.

നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈജിപ്തിന്റെ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഫലസ്തീൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാൽ കരാർ പ്രകാരം യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ​ഗസ്സയിൽ നിന്ന് പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

​ഗസ്സയിലെ ജനത സമ്പൂർണ വംശഹത്യയുടെ വിപത്ത് ദിനംപ്രതി അനുഭവിക്കുകയാണെന്ന് അൾജീരിയൻ പ്രസിഡൻ്റ് അബ്ദെൽമദ്ജിദ് ടെബൗൺ പറഞ്ഞു. ​ഗസ്സയിലെ ജനതയ്ക്ക് മാനുഷിക സഹായം അനുവദിക്കുന്ന ഒരു കരാറിലെത്താൻ തൻ്റെ രാജ്യം ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവരെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്നും അൾജീരിയൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു

Similar Posts