എട്ട് ദിവസത്തിന് ശേഷം ഗസ്സയിൽ വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു
|ജോലിക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ സാങ്കേതിക വിഭാഗത്തിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു
ഗസ്സയിലെ വാർത്താവിനിമയ സംവിധാനങ്ങൾ എട്ട് ദിവസങ്ങൾക്ക് ശേഷം ക്രമേണ പുനഃസ്ഥാപിച്ചതായി ഫലസ്തീനിലെ ടെലികമ്യൂണിക്കേഷൻ കമ്പനി ‘പാൽടെൽ’ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകളാണ് പരിഹരിച്ചത്.
അതീവ ദുർഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാർക്കുള്ള അടിസ്ഥാന സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സ്ഥാപിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ജോലിക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ സാങ്കേതിക വിഭാഗത്തിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായും കമ്പനി അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ആശയവിനിമയങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളിലും തടസ്സം വന്ന് എട്ട് ദിവസത്തിനുശേഷമാണ് കമ്പനിയുടെ പ്രസ്താവന വരുന്നത്. ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വാർത്താവിനിമയ വിച്ഛേദനമാണിതെന്ന് അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയ ശൃംഖലകൾ നിരീക്ഷിക്കുന്ന നെറ്റ്ബ്ലോക്ക്സ് വെബ്സൈറ്റ് അറിയിച്ചു.
ഫലസ്തീൻ ടെലികമ്യൂണിക്കേഷൻസ് കമ്പനികളായ പാൽടെലും ഒറിദു ഫലസ്തീനും കഴിഞ്ഞ വെള്ളിയാഴ്ച ഗസ്സയിലെ ആശയവിനിമയങ്ങളും ഇന്റർനെറ്റ് സേവനങ്ങളും നിർത്തുകയാണെന്ന് അറിയിച്ചിരുന്നു. ഇസ്രായേൽ അധിനിവേശ സേന ബോധപൂർവം ഇവരുടെ സംവിധാനങ്ങൾക്ക് മേൽ ആക്രമണം നടത്തുകയായിരുന്നു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കേബിളുകളടക്കമുള്ള സൗകര്യങ്ങൾ തകരാറിലായതായും ഗസ്സയിലെ തെക്കും മധ്യഭാഗത്തും എല്ലാ സേവനങ്ങളും നിർത്തുകയാണെന്നു ഒറിദു ഫലസ്തീൻ വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ സേന മനഃപൂർവം അതിക്രമങ്ങൾ അഴിച്ചുവിടുകയാണ്. വാർത്തവിനിമയ സംവിധാനങ്ങളുടെ 80 ശതമാനവും തകർന്നുവെന്നാണ് കണക്ക്.
കമ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർക്കുന്നത് ഗസ്സയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. ‘വർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുന്നത് വഴി ഗസ്സയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിൽനിന്നും അവശ്യഘട്ടത്തിൽ ആളുകളുമായി ബന്ധപ്പെടുന്നതിൽനിന്നും തടയുകയും മറ്റു മാനുഷിക പ്രതികരണങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് യു.എൻ ഏജൻസിയായ ഒ.സി.എച്ച്.എ വ്യക്തമാക്കുന്നു.