World
പേടിയാകുന്നു മമ്മീ, നമ്മൾ മരിക്കാൻ പോകുന്നു; വെടിയൊച്ച നിലക്കാത്ത ഭൂമിയിൽ മരണം കാതോർക്കുന്ന കുരുന്നുകൾ
World

'പേടിയാകുന്നു മമ്മീ, നമ്മൾ മരിക്കാൻ പോകുന്നു'; വെടിയൊച്ച നിലക്കാത്ത ഭൂമിയിൽ മരണം കാതോർക്കുന്ന കുരുന്നുകൾ

Shaheer
|
20 May 2021 2:42 PM GMT

മുതിർന്നവരെക്കാൾ മരണം ഭയന്ന് കഴിയുന്നവർ ഫലസ്തീനിലെ കുരുന്നുകളാണ്. പുറത്തുനിന്നു കേൾക്കുന്ന ഏതൊരു ഭീകരശബ്ദവും അവർക്ക് തങ്ങളുടെ ജീവനെടുക്കാൻ വരുന്ന ഇസ്രായേൽ മിസൈലുകളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രായേൽ നരഹത്യയിൽ പൊലിഞ്ഞ 63 കുഞ്ഞുജീവനുകളിൽ പതിനൊന്നുപേർ നോർവീജിയൻ റെഫ്യൂജി കൗൺസിലിന്റെ പ്രത്യേക മനശ്ശാസ്ത്ര പരിചരണം ലഭിച്ചവരായിരുന്നു

തുറന്ന ജയിലാണ് ഗസ്സ. വെറും ജയിലല്ല, ഇടതടവില്ലാതെ മിസൈലുകൾ വർഷിക്കുന്ന ഭീകര തടവറ. വെടിയൊച്ചയൊഴിഞ്ഞ ദിവസം ഗസ്സയ്ക്കാർക്ക് കുറവാണ്. ചുരുങ്ങിയത് ഏതു നിമിഷവും തങ്ങൾക്കുമുകളിൽ മിസൈലിന്റെ രൂപത്തിൽ വന്നുപതിക്കാവുന്ന മരണത്തെ മനസിൽ കണ്ടാണ് എന്നും ഫലസ്തീനികൾ അന്തിയുറങ്ങാറ്. ഇസ്രായേല്‍ അധിനിവേശ ഭീകരത നിറഞ്ഞാടുന്ന ഈ ഭൂമിയിലെ പിഞ്ചുകുരുന്നുകൾ എങ്ങനെ ജീവിക്കുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?

മുതിർന്നവരെക്കാൾ മരണം ഭയന്ന് കഴിയുന്നവർ ഫലസ്തീനിലെ കുരുന്നുകളാകും. അവരുടെ കണ്ണുകളിൽ ആ ഭയം നിറഞ്ഞുകാണാം. പുറത്തുനിന്നു കേൾക്കുന്ന ഏതൊരു ഭീകരശബ്ദവും അവർക്ക് തങ്ങളുടെ ജീവനെടുക്കാൻ വരുന്ന ഇസ്രായേൽ മിസൈലുകളാണ്. കടുത്ത മാനസിക സംഘർഷത്തിലും ഉത്കണ്ഠയിലും മാനസിക പിരിമുറുക്കത്തിലുമാണ് ഫലസ്തീനി കുരുന്നുകൾ കഴിയുന്നത്. അവരെ മാനസികമായി പരിചരിക്കാനും പിന്തുണയ്ക്കാനുമായി യൂനിസെഫ് അടക്കമുള്ള നിരവധി രാജ്യാന്തര സന്നദ്ധ സംഘങ്ങളുടെ മനശ്ശാസ്ത്ര വിഭാഗങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രായേൽ നരഹത്യയിൽ 63 കുഞ്ഞുജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 11 പേർ നോർവീജിയൻ റെഫ്യൂജി കൗൺസിലിന്റെ പ്രത്യേക മനശ്ശാസ്ത്ര പരിചരണം ലഭിച്ചവരായിരുന്നു. എപ്പോഴും തോക്കുംപിടിച്ച് വീടുകള്‍ കയറിയിറങ്ങുന്ന ഇസ്രായേല്‍ സൈനികരെക്കണ്ടും ഇടവേളകളിലുള്ള മിസൈല്‍വര്‍ഷങ്ങള്‍ അനുഭവിച്ചും മാനസികമായി തകര്‍ന്നുപോയ കുഞ്ഞുങ്ങളെ മനശ്ശാസ്ത്ര ചികിത്സയിലൂടെ മികച്ച ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമായിരുന്നു അത്.


ഒൻപതു വയസുകാരിയായ യാരയ്ക്കും അഞ്ചു വയസുള്ള റുലയ്ക്കും കിട്ടിയിരുന്നു നോർവീജിയൻ റെഫ്യൂജി കൗൺസിലിന്റെ മനശ്ശാസ്ത്ര പരിചരണം. എന്നാല്‍, കഴിഞ്ഞ ദിവസം ഇസ്രായേൽ വെടിവയ്പ്പിൽ രണ്ടു സഹോദരിമാരും തങ്ങളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ചാരമായി. ആക്രമണത്തിൽ കത്തിച്ചാമ്പലായ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പൊറുക്കിയെടുക്കാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല; ഒരു ചാരക്കൂമ്പാരമല്ലാതെ.

യാരയും റുലയുമടക്കം 14 പേർക്കാണ് ഒറ്റ കുടുംബത്തില്‍ ജീവൻ നഷ്ടപ്പെട്ടത്. രണ്ടുപേരും കടുത്ത മാനസിക സമ്മർദത്തിലും പേടിയിലുമായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഇവരുടെ അമ്മാവൻ അവ്‌നി അൽകൗലക് പറയുന്നു. പുറത്തുനിന്ന് എന്തു ശബ്ദം കേട്ടാലും ഓടിച്ചെന്ന് ഉമ്മയെയും ഉപ്പയെയും കെട്ടിപ്പിടിച്ചുനിൽക്കും. നമ്മൾ മരിക്കാൻ പോകുന്നു മമ്മീ, പേടിയാകുന്നുവെന്ന് വാവിട്ടു കരയും-അവ്‌നി കൂട്ടിച്ചേർക്കുന്നു.

ഇസ്രായേൽ നരനായാട്ടിൽ ഭയചകിതരായ ഫലസ്തീൻ കുരുന്നുകളുടെ നിരവധി വിഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ ജീവിതം അനുഭവിക്കാൻ തങ്ങളെന്തു തെറ്റു ചെയ്തുവെന്നാണ് ഓരോ കുരുന്നുകളുടെയും കണ്ണുകൾ പറയാതെ പറയുന്നത്.

Similar Posts