'വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും അനുവദിക്കില്ല'; പുതിയ ട്വിറ്റർ നയം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്
|ട്വിറ്റർ നിരോധിക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്ത നിരവധി വിവാദ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മസ്‌ക്
വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും പ്രോത്സാഹിപ്പിക്കില്ലെന്നതടക്കം പുതിയ ട്വിറ്റർ നയം പ്രഖ്യാപിച്ച് ഉടമ ലോൺ മസ്‌ക്. 'പുതിയ ട്വിറ്റർ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ എന്തും കൈമാറാനുള്ള സ്വാതന്ത്ര്യമല്ല' ശനിയാഴ്ച ട്വിറ്ററിൽ മസ്‌ക് കുറിച്ചു. നിഷേധാത്മക/വിദ്വേഷ ട്വീറ്റുകൾ പരമാവധി പരിഗണിക്കപ്പെടാതിരിക്കുകയും മൂല്യമില്ലാതാക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ട്വീറ്റുകൾക്ക് പരസ്യങ്ങളോ ഇതര വരുമാനമോയില്ലെന്നും അവ പ്രത്യേകം അന്വേഷിച്ചില്ലെങ്കിൽ കണ്ടെത്താനാകില്ലെന്നും പറഞ്ഞു.
അതേസമയം, ട്വിറ്റർ നിരോധിക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്ത നിരവധി വിവാദ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മസ്‌ക് അറിയിച്ചു. എന്നാൽ യു.എസിന്റെ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമായിട്ടില്ലെന്നും പറഞ്ഞു. കനേഡിയൻ പോഡ്കാസ്റ്റർ ജോർദാൻ പെട്രേസൻ, വലതുപക്ഷ ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോൺ ബീ എന്നിവയുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കും. കൊമേഡിയൻ കാതി ഗ്രിഫിന്റെ അക്കൗണ്ടും തിരിച്ചുവരും- സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നാണ് മസ്‌ക് വാഗ്ദാനം നൽകി. മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. മസ്‌ക് ശതകോടികൾ മുടക്കി ട്വിറ്റർ സ്വന്തമാക്കിയത് അത് പിരിച്ചുവിടാനാണെന്ന് വിമർശനം ഉയരുകയും ലോകകപ്പ് നാളുകളിൽ ട്വിറ്റർ വൻ തകർച്ച നേരിടുമെന്ന് അഭ്യൂഹം പരക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി മസ്‌ക് എത്തിയത്.
''ലോകകപ്പിലെ ആദ്യ മത്സരം ഞായറാഴ്ചയാണ്! മികച്ച കവറേജിനും തത്സമയ കമൻററിക്കുമായി ട്വിറ്റർ ഉപയോഗിക്കൂ...''. ട്വിറ്റർ മേധാവി കൂടിയായ ഇലോൺ മസ്‌ക് ട്വിറ്ററിൽക്കൂടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കളിയുടെ ലൈവ് സ്ട്രീമിങ് ആണോ അതോ പ്രതിസന്ധികൾക്കിടയിലും അപ്‌ഡേറ്റുകൾ മുടങ്ങാതെ കൃത്യമായി എത്തിക്കുമെന്നാണോ മസ്‌ക് ഉദ്ദേശിച്ചതെന്ന ആശയക്കുഴപ്പത്തിലാണ് ഫോളോവേഴ്‌സ്.
അതേസമയം ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരായ യോയൽ റോത്ത്, റോബിൻ വീലർ എന്നിവർ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. സബ്‌സ്‌ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്‌നം വർധിക്കുമെന്ന് ഇലോൺ മസ്‌ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമാണെന്നും മസ്‌ക് അറിയിച്ചു. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് ട്വിറ്റർ ജീവനക്കാർക്കുള്ള മസ്‌കിന്റെ പുതിയ നിബന്ധന. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്ന് ലാഭമുണ്ടാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ ലിയ കിസ്നർ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫീസർ മരിയാനെ ഫോഗാർട്ടി എന്നിവരും രാജി സമർപ്പിച്ചിരുന്നു. കൂട്ടരാജിയെ തുടർന്ന് ട്വിറ്ററിനെ 'അഗാധമായ ആശങ്കയോടെ' വീക്ഷിക്കുകയാണെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമാകുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Elon Musk announces new Twitter policy, including no promotion of hate speech and negative content