World
Elon Musk meets Iran UN Ambassador to defuse tension under Donald Trump, Amir Saeid Iravan
World

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; ട്രംപിന്‍റെ അനുനയനീക്കത്തിന്‍റെ ഭാഗമെന്ന് റിപ്പോര്‍ട്ട്‌

Web Desk
|
15 Nov 2024 9:45 AM GMT

ഇറാനുമായി അനുനയത്തിലൂടെ മുന്നോട്ടുപോകാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നതിന്‍റെ സൂചനയാണ് മസ്കിന്‍റെ കൂടിക്കാഴ്ചയെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ'

ന്യൂയോർക്ക്: പുതിയ ട്രംപ് ഭരണകൂടത്തിൽ നിർണായക പദവിയിലുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇറാൻ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പരിഹിരിക്കുകയാണു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണു സൂചന. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായാണ് മസ്‌ക് കൂടിക്കാഴ്ച നടത്തിയതെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

ഡിപാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി(ഡോഗ്) എന്ന പുതിയ വകുപ്പിന്റെ ചുമതലയാണ് ട്രംപ് മസ്‌കിനെ ഏൽപിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇറവാനിയുമായി ന്യൂയോർക്കിലെ ഒരു രഹസ്യമായ സ്ഥലത്തുവച്ച് ചർച്ച നടന്നത്. ഒരു മണിക്കൂർ നേരം കൂടിക്കാഴ്ച നീണ്ടുനിന്നു. കൂടിക്കാഴ്ച ശുഭകരവും പ്രതീക്ഷ പകരുന്നതുമാണെന്നാണ് ഇറാൻ വൃത്തങ്ങൾ 'ന്യൂയോർക്ക് ടൈംസി'നോട് പറഞ്ഞത്.

കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ ഇറാനും അമേരിക്കയും തയാറായിട്ടില്ല. ഇലോൺ മസ്‌കും പ്രതികരിച്ചിട്ടില്ല. നടക്കാത്തതോ നടന്നുകഴിഞ്ഞതോ ആയ സ്വകാര്യ ചർച്ചകളെ കുറിച്ചുള്ള റിപ്പോർട്ടുകളോട് തങ്ങൾ പ്രതികരിക്കാറില്ലെന്നാണ് ട്രംപിന്റെ കമ്യൂണിക്കേഷൻ വിഭാഗം ഡയരക്ടർ സ്റ്റീവൻ ചിയൂങ് വ്യക്തമാക്കിയത്. ട്രംപിന്റെ ട്രാൻസിഷൻ ടീമും ഇതേ നിലപാടാണ് സ്വീകരിച്ചത്.

അമേരിക്കൻ വൃത്തങ്ങളുമായി നേരിട്ട് ഇരിക്കുന്നതിനു മുന്നോടിയായി പ്രശ്‌നപരിഹാരങ്ങൾക്കുള്ള മാർഗങ്ങൾ ആരായുകയായിരുന്നു കൂടിക്കാഴ്ചയിലെന്നാണ് രണ്ട് ഇറാൻ വൃത്തങ്ങൾ 'ന്യൂയോർക്ക് ടൈംസി'നോട് പറഞ്ഞത്. ഇറാനെതിരെ ചുമത്തിയ ഉപരോധത്തിൽനിന്ന് ട്രഷറി വകുപ്പിൽനിന്ന് ഇളവ് തേടണമെന്നും ഇറാനിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും അമീർ സഈദ് ആവശ്യപ്പെട്ടതായി ഒരു ഇറാൻ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനും പറഞ്ഞു.

നയതന്ത്ര ചർച്ചകൾ നടത്തി ഇറാനുമായി അനുനയത്തിലൂടെ മുന്നോട്ടുപോകാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നതിന്റെ സൂചനയാണിതെന്നാണ് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തത്. ഇറാനുമായി നിലപാട് കടുപ്പിക്കണമെന്ന റിപബ്ലിക്കൻ പാർട്ടിയിലെ പ്രധാന നേതാക്കളുടെ സമീപനമായിരിക്കില്ല അദ്ദേഹത്തിനെന്നാണു സൂചനയെന്നും മാധ്യമം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ ട്രംപ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ബരാക്ക് ഒബാമ സർക്കാർ ഉണ്ടാക്കിയ ഇറാനുമായുള്ള ആണവ കരാർ അദ്ദേഹം റദ്ദാക്കിയിരുന്നു. കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Summary: Elon Musk meets Iran UN Ambassador to defuse tension under Donald Trump: Reports

Similar Posts