അവർ അടിപൊളിയല്ലേ, ഡെപ്പും ഹേർഡും ഒന്നിച്ചു ജീവിക്കട്ടെ: ഇലോൺ മസ്‌ക്
|ഡെപ്പിനെ വിവാഹം കഴിച്ച ശേഷം, മസ്‌കുമായി ഹേർഡ് പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു
ന്യൂഡൽഹി: ഹോളിവുഡ് അഭിനേതാക്കളായ ജോണി ഡെപ്പും അംബർ ഹേർഡും വീണ്ടും ഒന്നിച്ചു ജീവിക്കുമെന്ന് കരുതുന്നതായി ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള അപകീർത്തി കേസിലെ വാദം യുഎസ് കോടതിയിൽ അവസാനിച്ചതിനു പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.
ഡെപ്പിനെ വിവാഹം കഴിച്ച ശേഷം, മസ്‌കുമായി ഹേർഡ് പ്രണയത്തിലായിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഇരുവരും മുമ്പോട്ടു പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവരുടെ ഏറ്റവും മികച്ചതിൽ, അവർ അവിശ്വസനീയമാണ്' - എന്നാണ് മസ്‌കിന്റെ ട്വീറ്റ്. വിചാരണയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് കമന്റായാണ് മസ്‌കിന്റെ വാക്കുകൾ.
നേരത്തെ, അപകീർത്തി കേസിനിടെ മസ്‌കിനെതിരെയും ജോണി ഡെപ്പ് ആരോപണമുന്നയിച്ചിരുന്നു. തൻറെ ഭാര്യ ഹേർഡുമായി മസ്‌ക് ബന്ധം സ്ഥാപിച്ചിരുന്നുവെന്നായിരുന്നു നടന്റെ ആരോപണം. എന്നാൽ ഡെപ്പുമായി പിരിഞ്ഞു കഴിയുമ്പോഴായിരുന്നു ഹേർഡ് താനുമായി അടുത്തതെന്നും നടന്റെ വാദങ്ങൾ തെറ്റാണെന്നും മസ്‌ക് പറയുന്നു.
കേസിലെ സാക്ഷിപ്പട്ടികയിൽ മസ്‌കിന്റെ പേരുമുണ്ട്. ഡെപ്പുമായുള്ള വിവാഹം കഴിഞ്ഞ ഒരു മാസത്തിനകം ഇലോൺ മസ്‌കുമായി ഹേർഡ് പ്രണയത്തിലായി എന്ന് കോടതി രേഖകളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസാണ് റിപ്പോർട്ടു ചെയ്തിരുന്നത്. ഡെപ് ഇല്ലാത്ത വേളയിൽ മസ്‌കിനെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടതായും കോടതി രേഖകളിലുണ്ട്.
'ആസ്ത്രേലിയയിൽ വച്ച് ഹേഡ് ഡെപ്പിനു നേരെ വോഡ്ക ബോട്ടിൽ എറിഞ്ഞ സമയത്താണ്, മസ്‌കിനെ ഡെപ്പിന്റെ താമസസ്ഥലത്തു കണ്ടത്. വിവാഹ ശേഷം സ്വത്തുമായി ബന്ധപ്പെട്ട കരാറുകളിലേക്ക് കടക്കുകയായിരുന്നു ഡെപ്. ഹേഡിന്റെ അതിക്രമത്തിൽ ഡെപ്പിന്റെ വലതു നടുവിരൽ ഒടിഞ്ഞു' - കോടതി രേഖകൾ പറയുന്നു.
ഡെപ്പുമായുള്ള വിവാഹമോചന ഹർജി ഫയൽ ചെയ്ത് രണ്ടു മാസത്തിനകം, 2016 ജൂലൈയിൽ മിയാമി ബീച്ചിൽ മസ്‌കും ഹേർഡും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. നാലു വർഷത്തിലേറെയായി മസ്‌കിന്റെ സുഹൃത്താണ് ഹേർഡ് എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ഹേർഡിന് മസ്‌കുമായി പ്രണയ ബന്ധമില്ലെന്ന് സ്പേസ് എക്സ് പ്രതിനിധി ഫോക്സ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. '2016 മെയ് വരെ ഇലോണും അംബറും കണ്ടിട്ടില്ല. അതിനു ശേഷം കണ്ടത് വല്ലപ്പോഴുമായിരുന്നു. അത് പ്രണയബന്ധവുമായിരുന്നില്ല' - സ്പേസ് എക്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടീഷ് പത്രമായ ദ സണിനെതിരെ ഡെപ് നൽകിയ മാനനഷ്ടക്കേസിൽ ഹേഡും ഈ ബന്ധം നിഷേധിച്ചിരുന്നു. 'അവർ ഡേറ്റിങ്ങിലായിരുന്നോ എന്നറിയില്ല. തീർച്ചയായും അവർ കുറച്ചുകാലം ഒന്നിച്ചു ചെലവഴിച്ചിരുന്നു' - എന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ക്രിസ്റ്റിയൻ കാരിനോ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 2017ൽ ആരംഭിച്ച ബന്ധം അടുത്ത വർഷം തന്നെ തകർന്നു എന്നാണ് റിപ്പോർട്ട്.
2015 മുതൽ 2017 വരെ ഡെപ്പിൻറെ ഭാര്യയായി കഴിഞ്ഞിരുന്ന ഹേർഡ് ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി 2016 മെയിലാണ് ഡെപ്പിനെതിരെ പരാതി നൽകിയത്. 2018 ഡിസംബറിൽ ഒരു യു.എസ് ദിനപത്രമായ 'ദി വാഷിങ്ടൺ പോസ്റ്റിന്' വേണ്ടി ഹേർഡ് എഴുതിയ കുറിപ്പിൽ താൻ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പരാമർശിച്ചിരുന്നു.
ഡെപ്പിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും സൂചനകൾ കൃത്യമായിരുന്നു. ഇതോടെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാതാക്കൾ സിനിമകളിൽനിന്ന് നടനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് ഡെപ് കേസ് ഫയൽ ചെയ്തത്. ലേഖനം ഡെപ്പിനെതിരെയല്ല എന്ന് ഹേർഡിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഡെപ്പും ഹേർഡും തമ്മിൽ 2015 ഫെബ്രുവരിയിലാണ് വിവാഹിതരായത്. രണ്ടു വർഷം മാത്രം നീണ്ട ദാമ്പ്യത്തിനൊടുവിൽ 2017ൽ ഇരുവരും വേർപിരിയുകയായിരുന്നു. 2009ൽ ദ റം ഡയറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ൽ ഡേറ്റിങ് ആരംഭിച്ചു. മൂന്നു വർഷത്തിനു ശേഷം വിവാഹവും.
രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ വൈഫ് ബീറ്റർ (ഭാര്യയെ മർദിക്കുന്നവൻ) എന്ന് വിളിച്ച ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദ സണിനെതിരെ ഡെപ് കേസ് നൽകിയിരുന്നു. വാഷിങ്ടൺ പോസ്റ്റ് പ്രിന്റ് ചെയ്യുന്ന ഫയർഫാക്‌സ് കൗണ്ടിയിലാണ് ഇപ്പോഴത്തെ കേസ്. പത്രം കേസിൽ കക്ഷിയല്ല.