World
ഫലം വന്നു; മസ്‌ക് ട്വിറ്റർ സി.ഇ.ഒ സ്ഥാനത്ത് വേണ്ടെന്ന് അഭിപ്രായ സർവേ
World

ഫലം വന്നു; മസ്‌ക് ട്വിറ്റർ സി.ഇ.ഒ സ്ഥാനത്ത് വേണ്ടെന്ന് അഭിപ്രായ സർവേ

Web Desk
|
19 Dec 2022 1:59 PM GMT

അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം

ട്വിറ്റർ സർവേ നടത്തി വെട്ടിലായി ഇലോൺ മസ്ക്ക്. ട്വിറ്റർ സി.ഇ.ഒ പദവി ഒഴിയണമോ എന്ന്ചോദിച്ച് നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും മസ്കിനെതിരെ വോട്ടുചെയ്തു.

ആകെ ഒരു കോടി 75 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേർ ട്വിറ്റർ സി ഇ ഒ ഇലോൺ മസ്ക്കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് മസ്കിനെ പിന്തുണച്ചത്. ട്വിറ്ററിൽ സ്വന്തം പ്രൊഫൈലിലാണ് മസ്ക്ക് പോൾ പങ്കുവച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. ട്വിറ്റർ മേധാവിയായി എത്തിയതിന് ശേഷം വലിയ വിമർശനമാണ് മസ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിമുഖീകരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുള്ള തീരുമാനവും വിമർശനം ഏറ്റുവാങ്ങിയിരുന്നു.

പ്ലാറ്റ്‌ഫോമിലെ പ്രധാന നയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് ചില വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മാറ്റം വരുന്നത്. വെള്ളിയാഴ്ച, യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്, ട്വിറ്ററിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇലോൺ മസ്‌ക് സസ്പെൻഡ് ചെയ്തതിൽ താൻ വളരെയധികം അസ്വസ്ഥനാണെന്നും ഇത് അപകടകരമായ കീഴ്വഴക്കമാണെന്നും പറഞ്ഞിരുന്നു.

പോൾ റിസൾട്ട് എന്തു തന്നെയായാലും താൻ അംഗീകരിക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന് ട്വിറ്റർ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ്.

Similar Posts