World
ട്വിറ്റര്‍ ആസ്ഥാനത്ത് ജീവനക്കാരുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് പ്രതിവര്‍ഷം 13 മില്യണ്‍ ഡോളര്‍; ഇലോണ്‍‌ മസ്ക്
World

ട്വിറ്റര്‍ ആസ്ഥാനത്ത് ജീവനക്കാരുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് പ്രതിവര്‍ഷം 13 മില്യണ്‍ ഡോളര്‍; ഇലോണ്‍‌ മസ്ക്

Web Desk
|
14 Nov 2022 6:19 AM GMT

ജീവനക്കാരുടെ ഉച്ചഭക്ഷണത്തെച്ചൊല്ലി കമ്പനിയുടെ മുൻ വൈസ് പ്രസിഡന്‍റ് ട്രേസി ഹോക്കിൻസും മസ്കുമായി ട്വിറ്ററില്‍ തര്‍ക്കമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്കോ: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും കമ്പനിയിലെ നാടകീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും വൈരുദ്ധ്യങ്ങളും വാർത്തകളിൽ നിറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ജീവനക്കാരുടെ ഉച്ചഭക്ഷണത്തെച്ചൊല്ലി കമ്പനിയുടെ മുൻ വൈസ് പ്രസിഡന്‍റ് ട്രേസി ഹോക്കിൻസും മസ്കുമായി ട്വിറ്ററില്‍ തര്‍ക്കമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് നേരത്തെ ട്രേസി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഒരു ജീവനക്കാരന്‍റെ ഭക്ഷണത്തിനായി പ്രതിദിനം 20-25നും ഡോളറിനുമിടയില്‍ ചെലവഴിച്ചുവെന്നും ഉച്ചഭക്ഷണ സമയത്തും മീറ്റിംഗുകളിലും ജോലി ചെയ്യാൻ ജീവനക്കാരെ പ്രാപ്തമാക്കിയെന്നുമായിരുന്നു ട്രസിയുടെ ട്വീറ്റ്. കഴിഞ്ഞ 12 മാസത്തിനിടെ വിളമ്പിയ ഉച്ചഭക്ഷണത്തിന്‍റെ ചെലവ് 400 ഡോളറിലധികം വരുമെന്നും ഇലോൺ മസ്‌കിന്‍റെ നേരത്തെയുള്ള അവകാശവാദങ്ങൾ കള്ളമാണെന്നും ഹോക്കിൻസ് പറഞ്ഞിരുന്നു. ഈ സമയത്ത് ഓഫീസുകളിലെ ഹാജര്‍ നില 20-50 ശതമാനം വരെയായിരുന്നു അവര്‍ വ്യക്തമാക്കി.

സാന്‍ ഫ്രാൻസിസ്കോ ആസ്ഥാനത്ത് ഭക്ഷണത്തിനായി ട്വിറ്റർ പ്രതിവർഷം 13 മില്യൺ ഡോളർ ചെലവഴിക്കുന്നുവെന്നായിരുന്നു മസ്കിന്‍റെ മറുപടി ട്വീറ്റ്. മുന്‍ ജീവനക്കാരിയുടെ അവകാശവാദങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ''പ്രഭാതഭക്ഷണം കഴിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്നു. അത്താഴം വിളമ്പാൻ പോലും അവർ മെനക്കെടാറില്ല, കാരണം ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല'' മസ്ക് ട്വീറ്റ് ചെയ്തു.

ട്വിറ്റർ ജീവനക്കാരുടെ സൗജന്യ ഉച്ചഭക്ഷണം മസ്ക് റദ്ദാക്കിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഹോക്കിൻസുമായുള്ള തര്‍ക്കത്തിനു മുന്‍പ്, ഇലോൺ മസ്‌ക് മുക്കാൽ ഭാഗവും തൊഴിലാളികളെ പിരിച്ചുവിട്ടതായും ബാക്കിയുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിട്ടതായും ആൻഡ്രൂ വോർട്ട്മാന്‍റെ ട്വീറ്റ് പങ്കിട്ട @NicheGamer-ന് മസ്‌ക് മറുപടി നൽകിയിരുന്നു. സൗജന്യ ഉച്ചഭക്ഷണത്തിനു പകരം ട്വിറ്റര്‍ പണം ഈടാക്കുമെന്നായിരുന്നു വോർട്ട്മാന്‍റെ ട്വീറ്റ്. ജീവനക്കാര്‍ പാചകം പഠിക്കേണ്ടിവരുമായിരിക്കാം എന്നായിരുന്നു നിച്ച് ഗെയിമര്‍ പറഞ്ഞത്.

Similar Posts