World
unrwa
World

ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് ധനസഹായം നിര്‍ത്തുന്നത് വിനാശകരം -യു.എന്‍ ഏജന്‍സികള്‍

Web Desk
|
31 Jan 2024 8:29 AM GMT

"യുഎന്‍ആര്‍ഡബ്‌ള്യുഎയെ പകരംവെക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല"

ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്നത് ഗസ്സയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യു.എന്നിന് കീഴിലെ വിവിധ ഏജന്‍സികളുടെ തലവന്‍മാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎന്‍ആര്‍ഡബ്‌ള്യുഎക്കുള്ള ധനസഹായം പിന്‍വലിക്കുന്നത് അപകടകരമാണ്. നടപടി മാനുഷിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമാകും. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തും മൊത്തം മേഖലയിലും ദൂരവ്യാപകവും മാനുഷികവും മനുഷ്യാവകാശവുമായ പ്രത്യാഘാതങ്ങള്‍ തീര്‍ക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്‍ആര്‍ഡബ്‌ള്യുഎയുടെ 12 ജീവനക്കാര്‍ ഒക്‌ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ പങ്കാളിയായെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ജപ്പാനുമടക്കം വിവിധ രാജ്യങ്ങള്‍ ഏജന്‍സിക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അറിയിച്ചു. എന്നാല്‍, ഈ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയും ഹമാസുമെല്ലാം രംഗത്തുവന്നിരുന്നു.

യുഎന്‍ആര്‍ഡബ്‌ള്യുഎക്ക് പകരംവെക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് ഗസ്സയെ സഹായിക്കാനുള്ള യുഎന്‍ കോഓര്‍ഡിനേറ്റര്‍ സിഗ്രിഡ് കാഗ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഏജന്‍സിയുടെ കഴിവും ഗസ്സയിലെ ജനങ്ങളെക്കുറിച്ചുള്ള അവരുടെ അറിവും അതിന്റെ പ്രവര്‍ത്തനശേഷിയെയും പകരംവെക്കാന്‍ മറ്റൊരു ഏജന്‍സിക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയാണ് ഏജന്‍സിക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയിരുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ വരെ 131 ദശലക്ഷം ഡോളറാണ് ധനസഹായമായി നല്‍കിയത്. വിവിധ രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തുന്നത് ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.

ഇസ്രായേലെന്ന അധിനിവേശ രാജ്യം രൂപീകൃതമായി ഒരു വര്‍ഷം കഴിഞ്ഞ് 1949ലാണ് ഏജന്‍സി ആരംഭിക്കുന്നത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

ഒക്‌ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഏജന്‍സിയുടെ നിരവധി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുദ്ധാനന്തരം ഗസ്സയില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.

Similar Posts