‘അവരെ സ്വർഗത്തിൽ രക്തസാക്ഷികളായി സ്വീകരിക്കട്ടെ’; ഇസ്മാഈൽ ഹനിയ്യയെ വിളിച്ച് അനുശോചനമറിയിച്ച് ഉർദുഗാൻ
|വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
അങ്കാറ: മക്കളും പേരമക്കളും കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ നിയമത്തിന് മുന്നിൽ ഉത്തരവാദികളായിരിക്കുമെന്ന് ഫോൺ സംഭാഷണത്തിൽ ഉർദുഗാൻ പറഞ്ഞു.
‘എന്റെ അനുശോചനം അറിയിക്കുകയാണ്. താങ്കൾക്ക് ക്ഷമ നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദൈവം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ സ്വർഗത്തിൽ രക്തസാക്ഷികളായി സ്വീകരിക്കട്ടെ. താങ്കളോടൊപ്പമുള്ള എല്ലാ സഹോദരങ്ങൾക്കും എന്റെ ആദരവ് അറിയിക്കുന്നു’ -ഉർദുഗാൻ പറഞ്ഞു.
താങ്കളുടെ അനുശോചനത്തിന് നന്ദി അറിയിക്കുന്നതായി ഇസ്മാഈൽ ഹനിയ്യ മറുപടി നൽകി. ‘താങ്കൾ വിളിച്ചതിന് നന്ദി പറയുന്നു. നമ്മുടെ രാജ്യത്തിൻ്റെ ആത്മാവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. രക്തസാക്ഷികളായ ഫലസ്തീനികളുടെ നിരയിൽ എന്റെ മക്കളും പേരമക്കളും ചേർന്നിരിക്കുന്നു. ഖുദുസിനെ സ്വതന്ത്രമാക്കാനാണ് അവർ രക്തസാക്ഷികളായത്. നമ്മൾ ഒരു രാജ്യമാണ്. ഗസ്സയിലും ഫലസ്തീനിലും നടക്കുന്നത് ലോകത്തിലെ ഓരോ മുസ്ലിംമിന്റെയും സ്വതന്ത്ര വ്യക്തികളുടെയും ഹൃദയത്തിലുണ്ട്. പെരുന്നാളിന് ശേഷം താങ്കളെ നേരിട്ട് കാണാം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ’ -ഇസ്മാഈൽ ഹനിയ്യ ഉർദുഗാനോട് പറഞ്ഞു.
തുർക്കി വൈസ് പ്രസിഡൻ്റ് സെവ്‌ഡെറ്റ് യിൽമാസും ആക്രമണത്തെ അപലപിക്കുകയും ഹനിയ്യയെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേലി ഭരണകൂടം ഉത്തരവാദികളാകും. വെടിനിർത്തലിന് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്താനും കൂടുതൽ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നതിന് മുമ്പ് ശാശ്വത സമാധാനം സ്ഥാപിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഉർദുഗാൻ്റെ മുഖ്യ ഉപദേഷ്ടാവ് അകിഫ് കഗതയ് കിലിക്കും ആക്രമണത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. വിശുദ്ധ ദിനത്തിൽ പോലും കുട്ടികളും സാധാരണക്കാരും ഉൾപ്പെടെയുള്ള നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുന്നതായി അദ്ദേഹം എക്‌സിൽ കുറിച്ചു.
തന്റെ കുട്ടികളെ ശത്രുക്കൾ ലക്ഷ്യമിടുന്നത് ആറ് മാസത്തിനിടെ സയണിസ്റ്റ് ശത്രു നടത്തിയ ഉന്മൂലന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വരുന്ന കുറ്റകൃത്യമാണെന്ന് അൽജസീറയോട് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. തന്റെ മക്കളെ വധിക്കുന്നതിലൂടെ ഹമാസിനെ അതിൻ്റെ ന്യായമായ ആവശ്യങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ അത് ശത്രുവിന്റെ വ്യാമോഹം മാത്രമാണ്.
ഗസ്സ അതിൻ്റെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും അന്തസ്സിനു വേണ്ടി പോരാടുകയാണ്. ഞങ്ങൾ ആ ജനതയുടെ ഭാഗമാണ്. ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്ന വഴിയിലാണ് ശത്രുക്കൾ എൻ്റെ കുട്ടികളെ ലക്ഷ്യമിട്ടത്. എന്റെ കുട്ടികളുടെയും പേരക്കുട്ടികളുടെയും അവസ്ഥ ഫലസ്തീനിലെ എല്ലാ മനുഷ്യരുടെയും അവസ്ഥയാണ് എന്നതിൻ്റെ തെളിവാണ്. അവരുടെ രക്തം ഫലസ്തീൻ ജനത രേഖപ്പെടുത്തിയ ചരിത്രപരവും വീരവുമായ ഇതിഹാസത്തിൻ്റെ ഭാഗമാണ്. ഞങ്ങൾ ചർച്ചകൾ തുടരും. പക്ഷേ, തങ്ങളുടെ ആവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി.
ഹനിയ്യയുടെ കുടുംബാംഗങ്ങൾക്ക് നേരെ ബുധനാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പേരക്കുട്ടി കൂടി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. ഗസ്സ സിറ്റിക്ക് സമീപത്തെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൽ ഹനിയ്യയുടെ കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാറിന് നേരെയായിരുന്നു വ്യോമാക്രമണം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴാണ് ആക്രമണം. ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹാസിം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ.