ഹമാസ് ഭീകരസംഘടനയല്ല; പിന്തുണയുമായി ഉർദുഗാൻ
|"കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല"
അങ്കാറ: ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന രാജ്യസ്നേഹമുള്ള സംഘമാണ് എന്നും തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നതെന്നും മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ ഭരണകക്ഷിയായ എ.കെ പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉർദുഗാൻ.
'ഞങ്ങൾക്ക് ഇസ്രായേലിൽ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഞങ്ങൾ ഇനിയങ്ങോട്ടു പോകുന്നില്ല. കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല. നിങ്ങൾക്ക് പിന്നിൽ യുഎസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങൾക്ക് ഇസ്രായേലിനോട് കടപ്പാടില്ല. പടിഞ്ഞാറിന് അതുണ്ടാകും.' - ഉർദുഗാൻ കൂട്ടിച്ചേർത്തു.
മനുഷ്യവംശത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനും പ്രതികരിച്ചു. ഖത്തറിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുട്ടികൾ, രോഗികൾ, മുതിർന്നവർ, ആശുപത്രികൾ, പള്ളികൾ എന്നിവരടങ്ങുന്ന ഞങ്ങളുടെ ഫലസ്തീൻ സഹോദരങ്ങളെ ലക്ഷ്യം വയ്ക്കുന്നത് മനുഷ്യത്വത്തിന് എതിരാണ്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതിനിടെ, ഇസ്രായേലിനെതിരെയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഹിസ്ബുല്ല, ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കൾ ചർച്ച നടത്തി. ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്റുല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സാലിഹ് അൽ അറൗറി, ഇസ്ലാമിക് ജിഹാദ് അധ്യക്ഷൻ സിയാദ് അൽ നഖാല എന്നിവരാണ് ചർച്ച നടത്തിയത്. എവിടെയായിരുന്നു കൂടിക്കാഴ്ച എന്നതിൽ വ്യക്തതയില്ല.