World
‘ഗസയിൽ യുദ്ധം തുടർന്നാൽ ഇസ്രായേലിൽ കയറി ഇടപെടും’; മുന്നറിയിപ്പുമായി ഉർദുഗാൻ
World

‘ഗസയിൽ യുദ്ധം തുടർന്നാൽ ഇസ്രായേലിൽ കയറി ഇടപെടും’; മുന്നറിയിപ്പുമായി ഉർദുഗാൻ

Web Desk
|
29 July 2024 6:01 AM GMT

ഇസ്രായേൽ ഗസയിൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് തുർക്കി പ്രസിഡന്റ് വിമർശിച്ചത്

ഗസ: ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല.

ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്.

‘ഫലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത് പോലെ ഇ​സ്രായേലിലും ഇടപെടേണ്ടിവരും. നമ്മൾക്ക് അതുചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല’ ഭരണകക്ഷിയായ എ.കെ പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു പരാമർശം.

ഗസയിലെ കൂട്ടക്കൊലകളുടെ മുഖ്യശില്പിയായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആതിഥേയത്വമൊരുക്കിയ യു.എസിനെതിരെ രൂക്ഷവിമർശനവുമായി ഉർദുഗാൻ രംഗത്തെത്തി.40,000 നിരപരാധികളുടെ കൊലയാളിക്കാണ് അവർ പരവതാനി വിരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

Similar Posts