World
Recep Tayyip Erdogan and Abdel Fattah Al-Sissi
World

12 വർഷത്തിനിടെ ആദ്യമായി ഈജിപ്ത് സന്ദർശിച്ച് ഉർദുഗാൻ; ചർച്ചയായി ഫലസ്തീൻ

Web Desk
|
14 Feb 2024 4:31 PM GMT

2013ൽ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിയെ അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു

12 വർഷത്തിനിടെ ആദ്യമായി ഈജിപ്ത് സന്ദർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഉർദുഗാനെ സ്വീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കൽ, യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ എന്നിവ സംബന്ധിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച നടത്തുന്നത്.

2013ൽ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിയെ അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും അംബാസഡർമാരെ നിയമിച്ചു. ഈ മാസം ഈജിപ്തിന് സായുധ ഡ്രോണുകൾ നൽകുമെന്ന് തുർക്കിയ പ്രഖ്യാപിച്ചിരുന്നു.

മേഖലയിൽ സുസ്ഥിര സമാധാനത്തിന്​ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കേണ്ടത്​ ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് കഴിഞ്ഞദിവസം​ ഉർദുഗാൻ പറഞ്ഞിരുന്നു. ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ സംസാരിക്കവെയാണ്​ ലോകനേതാക്കൾക്ക്​ മുമ്പിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്​.

രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും ഒരു പ്രശ്നമായി തന്നെ നിലനിൽക്കും. ഇസ്രയേൽ മേഖലയിൽ സ്ഥിരമായ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുടിയേറ്റ വിപുലീകരണ നീക്കങ്ങൾ അവസാനിപ്പിക്കുകയും ഫലസ്തീൻ രാഷ്ട്രത്തിന്‍റെ അസ്തിത്വം അംഗീകരിക്കുകയും വേണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തിക്കുള്ളിൽ സ്വതന്ത്രവും പരമാധികാരവും ഭൂമിശാസ്ത്രപരമായി സംയോജിതവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ കൈക്കൊള്ളുന്ന ഓരോ ചുവടും അപൂർണമായിരിക്കും -ഉർദുഗാൻ വ്യക്​തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിക്ക് സംഭാവന നൽകുന്നത് തുടരാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ഏജൻസിക്കെതിരെ സമീപകാലത്തുണ്ടാകുന്ന ആക്രമണങ്ങൾ ഖേദകരമാണ്. ജോർദാൻ, സിറിയ, ലബനാൻ, ഫലസ്തീൻ പ്രദേശങ്ങളിലെ 60 ലക്ഷം അഭയാർഥികളുടെ ജീവനാഡിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts