World
40 patients Killed today in Gaza Al Shifa Hospital; The Israeli offensive continues
World

മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു; അൽശിഫ ഹോസ്പിറ്റലിൽ കൂട്ടക്കുഴിമാടമൊരുക്കാൻ ഗസ്സ ആരോഗ്യമന്ത്രാലയം

Web Desk
|
11 Nov 2023 9:49 AM GMT

രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് അൽശിഫ ഹോസ്പിറ്റലിൽ കുടുങ്ങിക്കിടക്കുന്നത്.

ഗസ്സ: മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിനാൽ അൽശിഫ ഹോസ്പിറ്റലിനകത്ത് കൂട്ടുക്കുഴിമാടമൊരുക്കുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം. അൽശിഫ ഹോസ്പിറ്റൽ ലക്ഷ്യമിട്ട് വൻ ആക്രമണമാണ് നടക്കുന്നത്. ആശുപത്രിക്കകത്ത് വൻ തീപിടിത്തമുണ്ടായതായി ഗസ്സ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. വൈദ്യുതി വിച്ഛേദിച്ചതിനാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും തങ്ങൾ രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും അൽശിഫ ആശുപത്രിക്ക് അകത്തുള്ള മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് അൽശിഫ ഹോസ്പിറ്റലിൽ കുടുങ്ങിക്കിടക്കുന്നത്. ആശുപത്രിയുടെ 300 മീറ്റർ ചുറ്റളവിൽ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. നേരത്തെ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരെ ലക്ഷ്യമിട്ടാണ് വീണ്ടും ആക്രമണം നടക്കുന്നതെന്ന് അൽശിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ പറഞ്ഞു.

ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ തുടർച്ചയായ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്ന് അൽ നാസർ ഹോസ്പിറ്റലിലെ ഡോക്ടർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനഃസാക്ഷിയുള്ളവർ ഇതിൽ ഇടപെടണം. ഈ യുദ്ധക്കുറ്റങ്ങൾ നിർത്താൻ സമ്മർദം ചെലുത്താതെ മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും കൈകളിൽ ഗസ്സയിലെ ജനങ്ങളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts