World
അക്രമിയുടെ വിമാനങ്ങൾക്ക് ഇവിടെ ഇടമില്ല; റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി എസ്‌തോണിയ
World

''അക്രമിയുടെ വിമാനങ്ങൾക്ക് ഇവിടെ ഇടമില്ല''; റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി എസ്‌തോണിയ

Web Desk
|
26 Feb 2022 2:08 PM GMT

മുഴുവൻ യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് എസ്‌തോണിയ പ്രധാനമന്ത്രി കാജാ കല്ലാസ് ആവശ്യപ്പെട്ടു.

യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ. ബാൾട്ടിക് രാജ്യമായ എസ്‌തോണിയയാണ് ഏറ്റവും അവസാനം വിലക്കേർപ്പെടുത്തിയത്. മറ്റു ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയയും ലിത്വാനിയയും വിലക്ക് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ലിത്വാനിയൻ ഗതാഗതവകുപ്പ് മന്ത്രി മാരിയസ് സകോഡിസ് പറഞ്ഞു.

പോളണ്ട്, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ദേശീയ വിമാന കമ്പനിയായ എയറോഫ്‌ളോട്ടിന് ബ്രിട്ടനിൽ ഇറങ്ങുന്നത് വ്യാഴാഴ്ച യു.കെ തടഞ്ഞിരുന്നു.

മുഴുവൻ യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് എസ്‌തോണിയ പ്രധാനമന്ത്രി കാജാ കല്ലാസ് ആവശ്യപ്പെട്ടു. ''ജനാധിപത്യ രാജ്യത്ത് അക്രമി ഭരണകൂടത്തിന്റെ വിമാനങ്ങൾക്ക് സ്ഥാനമില്ല''- കല്ലാസ് ട്വീറ്റ് ചെയ്തു.

യുക്രൈൻ അധിനിവേശത്തിന്റെ മൂന്നാം ദിനമായ ഇന്നും പ്രധാന നഗരങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്. തലസ്ഥാനമായ കിയവിൽ മിസൈൽ ആക്രമണം അടക്കമുള്ള സായുധ ഏറ്റുമുട്ടൽ തുടരുകയാണ്. ഇപ്പോഴും നഗരത്തിന്റെ നിയന്ത്രണം യുക്രൈൻ സൈന്യത്തിന് തന്നെയാണെന്നാണ് അവസാനം പുറത്തുവരുന്ന വിവരങ്ങൾ.

Related Tags :
Similar Posts