ഉപഭോക്താക്കളുടെ പാസ്വേഡുകൾ സൂക്ഷിക്കുന്നത് തോന്നിയ പോലെ; മെറ്റയ്ക്ക് വീണ്ടും ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
|എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകൾ സൂക്ഷിച്ചതിനാണ് നടപടി
വാഷിങ്ടൺ: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഉപഭോക്താക്കളിൽ ചിലരുടെ പാസ്വേഡുകൾ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചരുത്തിയ സംഭവത്തിലാണ് മെറ്റയ്ക്കെത്തിരെ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിച്ചത്. 91 ദശലക്ഷം യൂറോയാണ് പിഴയായി മെറ്റ അടക്കേണ്ടത്. എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകൾ സൂക്ഷിച്ചു എന്നതാണ് മെറ്റയ്ക്കെതിരെയുള്ള ആരോപണം.
എൻക്രിപ്റ്റഡ് അല്ലാത്ത അവസ്ഥയിൽ 'പ്ലെയിൻടെക്സ്റ്റ്' രൂപത്തിൽ ചിലരുടെ പാസ്വേഡുകൾ തങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അയർലൻഡിന്റെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന് (ഡിപിസി) മുന്നിൽ നൽകിയ വിവരങ്ങളിലാണ് കമ്പനി അംഗീകരിച്ചത്. ഇന്റർനെറ്റിൽ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന യുറോപ്യൻ യൂണിയൻ ഏജൻസിയാണ് അയർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിപിസി. എന്നാൽ ആരുടേയും പാസ്വേഡുകൾ ബാഹ്യ കക്ഷികൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് മെറ്റയുടെ വിശദീകരണം. വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ഉപയോക്തൃ പാസ്വേഡുകൾ പ്ലെയിൻടെക്സ്റ്റിൽ സൂക്ഷിക്കരുതെന്ന് പൊതുനിർദേശമുണ്ടായിരുന്നതയി ഐറിഷ് ഡിപിസി ഡെപ്യൂട്ടി കമ്മീഷണർ ഗ്രഹാം ഡോയൽ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം 2019ൽ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ചില പിഴവുകൾ കണ്ടെത്തിയെന്നും തുടർന്ന് അനിഷ്ട സംഭങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും മെറ്റ വിശദീകരിച്ചു. പാസ്വേഡുകൾ തെറ്റായി ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നുമില്ലെന്നും മെറ്റാ വക്താവ് പറഞ്ഞു.
മെറ്റയ്ക്ക് മുമ്പും പിഴ
പാസ്വേഡുകൾ ഉൾപ്പെടെയുളള വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഇതുവരെ 250 കോടി യൂറോയാണ് മെറ്റയ്ക്ക് ഡിപിസി പിഴയായി ചുമത്തിയത്. യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കളുടെ വിവരം അനധികൃമായി അമേരിക്കയ്ക്ക് കൈമാറിയതിന് 2013ൽ 130 കോടി ഡോളർ പിഴയും മെറ്റക്കെതിരെ ചുമത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരം അമേരിക്കയിൽ സൂക്ഷിക്കുന്നതിനും യൂറോപ്യൻ യൂണിയൻ അന്ന് വിലക്കേർപ്പെടുത്തിയിരുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യൻ രൂപയോളമായിരുന്നു അന്നത്തെ പിഴ തുക. അമേരിക്കയിൽ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ അന്ന് ഫേസ്ബുക്കിന് മുന്നിൽ വച്ചിരുന്നു.