World
World
വ്‌ളാദിമിർ സെലൻസ്‌കിയെ നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യണമെന്ന് യൂറോപ്യൻ നേതാക്കൾ
|18 March 2022 12:29 PM GMT
നെതർലാൻഡ്‌സ്, യു.കെ, ജർമനി, സ്വീഡൻ, എസ്‌തോണിയ, ബൾഗേറിയ, റൊമേനിയ, സ്ലോവാക്യ, എന്നിവിടങ്ങളിൽനിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയേയും യുക്രൈൻ ജനതയേയും 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യണമെന്ന അഭ്യർഥനയുമായി യൂറോപ്യൻ രാഷ്ട്രീയ നേതാക്കൾ. ഇവർക്ക് നാമനിർദേശം സമർപ്പിക്കാനായി സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നൊബേലിന് നാമനിർദേശം ചെയ്യാനുള്ള കാലാവധി ജനുവരി 31ന് അവസാനിച്ചിരുന്നു.
നെതർലാൻഡ്‌സ്, യു.കെ, ജർമനി, സ്വീഡൻ, എസ്‌തോണിയ, ബൾഗേറിയ, റൊമേനിയ, സ്ലോവാക്യ, എന്നിവിടങ്ങളിൽനിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മാർച്ച് 30 വരെ ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും കത്തിൽ ഒപ്പിടാൻ അവസരമുണ്ട്.
ഇതുവരെ 251 വ്യക്തികളും 92 സംഘടനകളും സമാധാന നൊബേൽ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഒക്‌ടോബർ മൂന്ന് മുതൽ 10വരെയാണ് ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്.