എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്‍റെ ആവശ്യം ഒപെക് തള്ളി
|വിപണിയുടെ സുസ്ഥിരതക്കും സന്തുലിതാവസ്ഥക്കും അത് ഗുണം ചെയ്യില്ലെന്നും ഒപെക് മന്ത്രിതല യോഗം വ്യക്തമാക്കി
അടിയന്തരമായി ഉൽപാദനം വർധിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭ്യർഥന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളി. വിപണിയുടെ സുസ്ഥിരതക്കും സന്തുലിതാവസ്ഥക്കും അത് ഗുണം ചെയ്യില്ലെന്നും ഒപെക് മന്ത്രിതല യോഗം വ്യക്തമാക്കി. അതേസമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ല.
ഒപെക് രാജ്യങ്ങളുടെ ഇരുപത്തിരണ്ടാമത് മന്ത്രിതല യോഗമാണ് ഉൽപാദനം അടിയന്തരമായി ഉയർത്തേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയത്. കുതിച്ചുയരുന്ന എണ്ണവില പിടിച്ചു നിർത്താൽ ഗണ്യമായ ഉൽപാദന വർധനവിന് ഒപെക് തയ്യാറാകണം എന്നായിരുന്നു യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭ്യർഥന. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ എന്നിവ ഉൽപാദനം ഉയർത്താൻ മടിക്കരുതെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും ഉൽപാദനം ഉയർത്തി വില നിയന്ത്രിക്കണമെന്ന് ഒപെകിനോട് നിർദേശിച്ചിരുന്നു.
അടുത്ത മാസം മുതൽ പ്രതിദിന ഉൽപാദനത്തിൽ നാല് ലക്ഷം ബാരലിന്റെ വർധനക്ക് ഒപെക് നേതൃയോഗം ആഗസ്തില്‍ തീരുമാനിച്ചതാണ്. 2022 വരെ തൽസ്ഥിതി തുടരുമെന്ന് ഒപെക് രാജ്യങ്ങൾക്കൊപ്പം റഷ്യയും വ്യക്തമാക്കി. ഒപെക് തീരുമാനത്തോടെ എണ്ണവിപണിയിൽ വിലയിടിവിന്‍റെ സാഹചര്യം മങ്ങി. കോവിഡ് പ്രതിസന്ധി കുറഞതോടെ ഉൽപാദന മേഖലയിൽ രൂപപ്പെട്ട ഉണർവും എണ്ണയുടെ ആവശ്യകത ഉയർത്തുകയാണ്. ആഗോളവിപണിയിൽ ബാരലിന് 81 ഡോളർ എന്ന 2014നു ശേഷമുള്ള ഉയർന്ന നിരക്കിലാണ് എണ്ണവിൽപന. വിലവർധന തുടരുന്നത് ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകും.