'900 കോടിയുടെ സമ്പാദ്യം കാമുകിക്ക്': മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വിൽപ്പത്രം
|നിയമപരമായി വിവാഹിതരല്ലെങ്കിലും മാർട്ട തന്റെ ഭാര്യയാണെന്നാണ് മരണക്കിടക്കയിൽ വെച്ച് ബെർലുസ്കോണി അറിയിച്ചത്
റോം: 900 കോടി രൂപയുടെ സമ്പാദ്യം കാമുകിക്ക് നീക്കി വെച്ച് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വിൽപ്പത്രം. ജൂണിൽ അന്തരിച്ച സിൽവിയോ ബെർലുസ്കോണിയാണ് സമ്പാദ്യത്തിൽ നിന്ന് ഭീമൻ തുക കാമുകിക്കായി മാറ്റി വച്ചത്. മുപ്പത്തിമൂന്നുകാരിയായ മാർട്ട ഫസീനയാണ് ബെർലുസ്കോണിയുടെ അവസാനത്തെ കാമുകി.
2020ലാണ് മാർട്ടയും ബെർലുസ്കോണിയും ബന്ധം പരസ്യപ്പെടുത്തിയത്. നിയമപരമായി വിവാഹിതരല്ലെങ്കിലും മാർട്ട തന്റെ ഭാര്യയാണെന്നാണ് മരണക്കിടക്കയിൽ വെച്ച് ബെർലുസ്കോണി അറിയിച്ചത്. ഇറ്റാലിയൻ പാർലമെന്റിലെ ലോവർ ചേംബർ അംഗമാണ് മാർട്ട. ഇത് കൂടാതെ ബെർലുസ്കോണി സ്ഥാപിച്ച ഫോർസ ഇറ്റാലിയ എന്ന പാർട്ടിയിലെ അംഗവുമാണിവർ.
അതേസമയം ബെർലുസ്കോണിയുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യുക ഇദ്ദേഹത്തിന്റെ മൂത്ത കുട്ടികളായ മറീനയും പിയർ സിൽവിയോയുമാകും. ഇവർക്ക് ബിസിനസിന്റെ 53% ഓഹരിയുമുണ്ടാകും. സഹോദരൻ പോളോയ്ക്ക് 100 മില്യൺ യൂറോയും ഫോർസ ഇറ്റാലിയ പാർട്ടി മുൻ സെനേറ്ററായ മാർസെല്ലോയ്ക്ക് 30 മില്യൺ യൂറോയും ബെർലുസ്കോണി മാറ്റി വച്ചിട്ടുണ്ട്.
രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 12നാണ് ബെർലുസ്കോണി അന്തരിച്ചത്. 86ാം വയസ്സിലായിരുന്നു അന്ത്യം. നാല് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബെർലുസ്കോണി. നലിവിലെ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ സർക്കാരിലെ സഖ്യകക്ഷികളിലൊന്നായ ഫാർസോ ഇറ്റാലിയ എന്ന പാർട്ടിയുടെ അധ്യക്ഷനുമാണ് അദ്ദേഹം. 1994നും 2011നുമിടയ്ക്ക് മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായി. സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ലൈംഗികാരോപണങ്ങളും അഴിമതിയാരോപണങ്ങളും നികുതി തട്ടിപ്പുമടക്കം വാർത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബെർലുസ്കോണി. നികുതി വെട്ടിപ്പിന് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മിലാനിൽ കമ്മ്യൂണിറ്റി സേവനം ചെയ്തുകൊണ്ടായിരുന്നു തടവുശിക്ഷ.
2017ൽ രാഷ്ട്രീയത്തിൽ ബെർലുസ്കോണി തിരിച്ചുവരവ് നടത്തി. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ഒക്ടോബറിലാണ് മെലോണിയുടെ പാർട്ടിയുമായി സഖ്യം ചേർന്ന് അധികാരത്തിൽ തിരിച്ചെത്തുന്നത്.