അമിത കീടനാശിനി: ഇന്ത്യൻ കമ്പനിയുടെ കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂർ
|എഥിലീൻ ഒക്സൈഡ് ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് എസ്.എഫ്.എ വ്യക്തമാക്കി
അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുർന്ന് ഇന്ത്യയിൽ നിന്നുള്ള ഫിഷ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂർ. എവറസ്റ്റ് കമ്പനിയുടെ മസാലയിലാണ് അമിത അളവിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയത്.
ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ഇറക്കുമതിക്കാരായ എസ്.പി മുത്തയ്യ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡിനോട് സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്.എഫ്.എ) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
എഥിലീൻ ഒക്സൈഡ് ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് എസ്.എഫ്.എ വ്യക്തമാക്കി. സൂക്ഷ്മജീവികളുടെ ആക്രമണം തടയാൻ വേണ്ടിയാണ് ഈ കീടനാശിനി ഉപയോഗിക്കാറ്. സിംഗപ്പൂരിലെ ഭക്ഷ്യ നിയന്ത്രണങ്ങൾ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങൾ അണുവിമുക്തമാക്കാൻ മാത്രമാണ് എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാൻ അനുവാദമുള്ളത്. എഥിലീൻ ഓക്സൈഡ് കലർന്ന ഭക്ഷണപദാർഥങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്ന് ഏജൻസി നിർദേശിച്ചു. ഈ ഉൽപ്പന്നം ഉപയോഗിച്ചവർ ആരോഗ്യ സേവനം തേടുന്നത് ഉചിതമാണെന്നും ഏജൻസി അറിയിച്ചു. അതേസമയം, വാർത്ത സംബന്ധിച്ച് ഇതുവരെ എവറസ്റ്റ് കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.