ഹമാസിൽ നിന്ന് നേരിടുന്നത് എക്കാലത്തെയും വലിയ ആക്രമണമെന്ന് ഇസ്രായേൽ
|2006-ൽ 19 ദിവസം കൊണ്ട് 4500 റോക്കറ്റുകളാണ് ഇസ്രയേൽ നേരിടേണ്ടി വന്നത്. ഗസ്സയിലെ ബോംബിങ് ഇസ്രായേൽ തുടരുകയാണെങ്കിൽ വരുംദിനങ്ങളിൽ ഇത് മറികടന്നേക്കും.
ഹമാസിൽ നിന്ന് നിലവിൽ നേരിടുന്നത് ഗസ്സയിൽ നിന്നുള്ള എക്കാലത്തെയും ഉയർന്ന തോതിലുള്ള റോക്കറ്റ് ആക്രമണമെന്ന് ഇസ്രായേൽ. മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ മേജർ ജനറൽ ഒറി ഗോർഡിൻ ആണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചക്കിടെ 3000-ലധികം റോക്കറ്റുകളാണ് അധിനിവിഷ്ട പ്രദേശങ്ങളിലേക്ക് ഗസ്സയിൽ നിന്നു വന്നതെന്നും 2019-ലെ അധിനിവേശത്തിന്റെയും 2006-ലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിന്റെയും സമയത്തേക്കാൾ കൂടുതലാണിതെന്നും ഓറി ഗോർഡിൻ പറഞ്ഞു.
ഇസ്രായേലിന്റെ നിരന്തരമായ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകൾ റോക്കറ്റ് ആക്രമണം നടത്തുന്നത്. അയൺ ഡോം എന്ന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേൽ ഇവയെ നിർവീര്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റോക്കറ്റുകളിൽ ചിലത് ജനവാസമുള്ള പ്രദേശങ്ങളിലും പതിക്കുന്നുണ്ട്. 2006-ൽ 19 ദിവസം കൊണ്ട് 4500 റോക്കറ്റുകളാണ് ഇസ്രയേൽ നേരിടേണ്ടി വന്നത്. ഗസ്സയിലെ ബോംബിങ് ഇസ്രായേൽ തുടരുകയാണെങ്കിൽ വരുംദിനങ്ങളിൽ ഇത് മറികടന്നേക്കും.
Also Read:എന്താണ് ശൈഖ് ജർറാഹ്? അറിയാം ഏഴു കാര്യങ്ങൾ
കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണങ്ങളിൽൽ ഗസ്സയിൽ ഇതുവരെ 55 കുട്ടികളും 33 സ്ത്രീകളും ഉൾപ്പെടെ 200-ഓളം പേർ കൊല്ലപ്പെടുകയും 1230 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഫലസ്തീനി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് വിവിധ രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യു.എൻ സുരക്ഷാ കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ പോലുമോ കൗൺസിലിന് കഴിഞ്ഞില്ല. ഇസ്രായേലിന് അനുകൂലമായി നിലപാടെടുക്കുന്ന അമേരിക്കയാണ് യു.എൻ സുരക്ഷാ കൗൺസിലിലെ ഐക്യം തകർക്കുന്നതെന്ന് ചൈന കുറ്റപ്പെടുത്തി.