World
വ്യാജ സർട്ടിഫിക്കറ്റ് റെഡി; കോവിഡിൽ കരിഞ്ചന്ത വളർന്നത് പത്തുമടങ്ങ്‌
World

വ്യാജ സർട്ടിഫിക്കറ്റ് റെഡി; കോവിഡിൽ കരിഞ്ചന്ത വളർന്നത് പത്തുമടങ്ങ്‌

Web Desk
|
23 Sep 2021 7:21 AM GMT

ടെലഗ്രാമിനു പുറമേ, വാട്സ്ആപ്പിലും ഇപ്പോള്‍ വ്യാജന്മാര്‍ സുലഭമാണ്

കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ലോകം മറ്റൊരു ഭീഷണി കൂടി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്- വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍! കോവിഡിൽ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കരിഞ്ചന്ത വളർന്നത് പത്തുമടങ്ങാണെന്ന് പഠനങ്ങള്‍ പറയുന്നു.

കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ വാക്സിനാണ് ഏക ആശ്രയം. എന്നാല്‍ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതൊരു കുറ്റകൃത്യം മാത്രമല്ല, ചുറ്റുമുള്ളവരുടെ ആരോഗ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാമൂഹിക പ്രശ്നം കൂടിയാണ്.

വാക്സിനേഷന്‍റെ പുരോഗതി പരിശോധിക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്തോറും വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കരിഞ്ചന്തയും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെക്ക് പോയിന്‍റ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 29 രാജ്യങ്ങളില്‍ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കരിഞ്ചന്ത വ്യാപിച്ചതായി പറയുന്നു. ഓസ്ട്രേലിയ, ബ്രസീല്‍, സിംഗപ്പൂര്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഒന്‍പത് രാജ്യങ്ങള്‍ പുതുതായി പട്ടികയിലേക്ക് കടന്നുവന്നവയാണ്.

ടെലഗ്രാം മെസേജിംഗ് ആപ്ലിക്കേഷനില്‍ ആഗസ്റ്റ് 10 ന് വ്യാജ സര്‍ട്ടിഫിക്കറ്റിനു ആയിരത്തോളം വില്‍പ്പനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 10,000ല്‍ എത്തി നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടെലഗ്രാമിനു പുറമേ, വാട്സ്ആപ്പിലും ഇപ്പോള്‍ വ്യാജന്മാര്‍ സുലഭമാണ്. ഓസ്ട്രേലിയയില്‍ ചില ടെലഗ്രാം ഗ്രൂപ്പുകളില്‍ നിന്ന് സൌജന്യമായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts