"കുരിശ് ജൂത സെമിത്തേരിയുടെ വിശുദ്ധി നശിപ്പിക്കുന്നു"; സൈനികന്റെ കല്ലറയിലെ കുരിശിനെച്ചൊല്ലി ഇസ്രായേലിൽ വിവാദം
|"സെമിത്തേരിയിൽ ജൂത സൈനികരെയുൾപ്പെടെ അടക്കിയിട്ടുള്ളതാണ്. ഇവിടെ അടക്കിയ സൈനികരുടെ കുടുംബങ്ങൾ കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടിട്ടുണ്ട്. കുരിശ് മാറ്റണമെന്ന് ഐഡിഎഫ് ചീഫ് റബ്ബിയുടെ മതവിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്."
തെൽ അവിവ്: ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികന്റെ ശവക്കല്ലറയിൽ സ്ഥാപിച്ച കുരിശ് സംബന്ധിച്ച് ഇസ്രായേലിൽ വിവാദം. ക്രിസ്തുമത വിശ്വാസിയായിരുന്ന സ്റ്റാഫ് സർജന്റ് ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയെ അടക്കിയ കല്ലറയിൽ സ്ഥാപിച്ച കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ജൂതമതസ്ഥരും പുരോഹിതരും രംഗത്തു വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുന്നത്. കുരിശ് നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ അധികൃതർ സൈനികന്റെ കുടുംബവുമായി ചർച്ച നടത്തുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്‌നിൽ ജനിച്ച ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കി 2014-ലാണ് കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്. ഹൈഫയിലാണ് ഇയാളും കുടുംബവും താമസിച്ചു വന്നിരുന്നത്.
2003 ഡിസംബറിൽ ഖാൻ യൂനുസിൽ വെച്ചാണ് 19-കാരനായ ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയെയും മറ്റ് മൂന്നു പേരെയും ഹമാസ് കൊലപ്പെടുത്തിയത്. ഡിസംബർ 23-ന് വടക്കൻ ഗസ്സയിൽ കടന്നുകയറിയ ഇസ്രായേൽ ടാങ്കിനു നേരെ ഹമാസ് പോരാളികൾ ടാങ്ക് വേധ മിസൈൽ തൊടുക്കുകയായിരുന്നു. ബൊഗ്ഡനോവ്‌സ്‌കിക്കു പുറമെ സർജന്റുമാരായ ഓറൽ ബാഷൻ, ഗാൽ ഹെർഷ്‌കോ എന്നിവരും പാരാമെഡിക് സർജന്റ് ആയിരുന്ന ഇറ്റാമർ ഷമൻ എന്നയാളും സംഭവത്തിൽ കൊല്ലപ്പെട്ടു.
ഹൈഫ സൈനിക സെമിത്തേരിയിലാണ് ബൊഗ്ഡനോവ്‌സ്‌കിയടക്കം കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. ക്രിസ്തുമത വിശ്വാസി ആയിരുന്ന ഇയാളുടെ കല്ലറയുടെ തലഭാഗത്ത് കുടുംബം കുരിശ് സ്ഥാപിച്ചു. എന്നാൽ, സാധാരണ ഗതിയിൽ ജൂതസൈനികരെ മാത്രം അടക്കുന്ന സെമിത്തേരിയിൽ കുരിശ് സ്ഥാപിച്ചതിനെതിരെ ജൂതമത പുരോഹിതരും വിശ്വാസികളും രംഗത്തുവന്നു. കുരിശ് ജൂത സെമിത്തേരിയുടെ വിശുദ്ധി നശിപ്പിക്കുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക റബ്ബിയായ യിത്ഷാക് യോസെഫ് ആരോപിച്ചത്. ഇതോടെ വിഷയത്തിൽ പ്രതിരോധ മന്ത്രാലയം ഇടപെടുകയായിരുന്നു.
സൈനിക സെമിത്തേരിയിൽ കുരിശ് അടക്കമുള്ള മതചിഹ്നങ്ങൾ വെക്കുന്നത് നിയമവിരുദ്ധമാണെന്നും, കുരിശ് നീക്കം ചെയ്യുന്നതിനു വേണ്ടി സൈനികന്റെ കുടുംബവുമായി സംസാരിക്കുകയാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചതായി ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
'നിയമപ്രകാരം സൈനിക കല്ലറയുടെ തലക്കല്ലിൽ കുരിശോ മറ്റ് മതചിഹ്നങ്ങളോ സ്ഥാപിക്കാൻ പാടില്ല. ഹൈഫ സൈനിക സെമിത്തേരിയിൽ ജൂത സൈനികരെയുൾപ്പെടെ അടക്കിയിട്ടുള്ളതാണ്. ഇവിടെ അടക്കിയ സൈനികരുടെ കുടുംബങ്ങൾ കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടിട്ടുണ്ട്. സെമിത്തേരിയിൽ കദിഷ് (പ്രഭാത പ്രാർത്ഥന) നടത്തുന്നതിന് കുരിശ് തടസ്സമാണെന്ന് അവർ പറയുന്നു. കുരിശ് മാറ്റണമെന്ന് ഐഡിഎഫ് ചീഫ് റബ്ബിയുടെ മതവിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൈനികന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു ഉചിതമായ പരിഹാരത്തിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ...' - പ്രതിരോധ മന്ത്രാലയ പ്രതിനിധി പറഞ്ഞു.
അതേസമയം, സൈനിക സെമിത്തേരിയിൽ മതചിഹ്നങ്ങൾ പാടില്ലെന്ന നിയമം കാലങ്ങളായി പാലിക്കപ്പെടുന്നില്ലെന്നും ജൂതമത ചിഹ്നങ്ങൾ അവിടെ ഉണ്ടെന്നുമാണ് ക്രിസ്ത്യൻ സൈനികന്റെ കുടുംബം പറയുന്നത്. ഒക്ടോബർ 7-ന് കൊല്ലപ്പെട്ടവർക്കു വേണ്ടിയുള്ള പ്രാർത്ഥന നടക്കുമ്പോൾ തന്റെ മകന്റെ കല്ലറയിലെ കുരിശ് കറുത്ത തുണി ഉപയോഗിച്ച് മൂടിയതായി കണ്ടുവെന്നും, അത് അപമാനകരമായിരുന്നുവെന്നും ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയുടെ മാതാവ് പറഞ്ഞു.
'രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ എന്റെ ഡേവിഡ് രണ്ടാംകിട പൗരൻ അല്ലെന്നാണ് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ ഒമ്പത് വർഷവും അവൻ ഇസ്രായേലിനെ സ്‌നേഹിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൈന്യത്തിൽ ചേരുകയും ചെയ്തു. (കുരിശ് മൂടിയത് കണ്ടപ്പോൾ) ഞാൻ ദേഷ്യം കൊണ്ടും വിഷമം കൊണ്ടും പൊട്ടിക്കരഞ്ഞു.' - ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയുടെ മാതാവ് ഇസ്രായേൽ മാധ്യമമായ വൈനെറ്റ് ന്യൂസിനോട് പറഞ്ഞു.