130 വർഷത്തിന് ശേഷം കുടുംബത്തില്‍ ജനിക്കുന്ന ആദ്യ പെൺകുഞ്ഞ്; ആഘോഷമാക്കി വീട്ടുകാര്‍
|ഒരു നൂറ്റാണ്ടിലേറെയായി ഭര്‍ത്താവിന്‍റെ കുടുംബത്തിൽ പെൺകുഞ്ഞുണ്ടായില്ല എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്‍റെ അമ്മ
വാഷിങ്ടൺ: ജനിക്കുന്നത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും കുടുംബത്തിൽ ആഹ്ലാദവും ആഘോഷവുമാണ്. എന്നാൽ യു.എസിലെ ഒരു കുടുംബം പെൺകുഞ്ഞ് ജനിച്ചത് വലിയ ആഘോഷമാക്കുന്നതിന്റെ വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിപ്പോൾ നിറഞ്ഞിരിക്കുന്നത്. ആ പെൺകുഞ്ഞിന്റെ ജനനത്തിന് വലിയൊരു കാത്തിരിപ്പിന്റെ കഥകൂടിയുണ്ട്. 130 വർഷങ്ങൾക്കിപ്പുറമാണ് ആ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പുറക്കുന്നതെന്ന് ഗുഡ് മോർണിംഗ് അമേരിക്ക റിപ്പോർട്ട് ചെയ്തു. 1885 മുതൽ കുഞ്ഞിന്റെ പിതാവായ ആൻഡ്രൂ ക്ലാർക്കിന്റെ കുടുംബത്തിൽ പിറന്നതെല്ലാം ആൺകുട്ടികളായിരുന്നു.
രണ്ടാഴ്ച മുമ്പ് ഇവർക്കൊരു പെൺകുഞ്ഞ് പിറക്കുന്നത്.ഓഡ്രി എന്നാണ് കുഞ്ഞിന്‍റെ പേര്. അതേസമയം, ഭർത്താവിന്റെ കുടുംബത്തിൽ ഒരു നൂറ്റാണ്ടിലേറെയായി പെൺകുഞ്ഞുണ്ടായില്ല എന്ന കാര്യം ആദ്യം തനിക്കും വിശ്വാസമായില്ലെന്ന് ഭാര്യ കരോലിൻ ക്ലാർക്ക് ഔട്ട്ലെറ്റിനോട് പറഞ്ഞു. ഭർത്താവിന്റെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇത് സ്ഥിരീകരിച്ചതോടെയാണ് താൻ വിശ്വസിച്ചതെന്നും അവർ പറഞ്ഞു.
2021-ൽ കരോലിൻ ഗർഭിണിയായെങ്കിലും അത് അലസിപ്പോയി. അതുകൊണ്ട് തന്നെ വീണ്ടും ഗർഭിണിയായപ്പോൾ ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ആരോഗ്യത്തോടെയിരിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. പെൺകുഞ്ഞ് ജനിച്ചപ്പോൾ എല്ലാവർക്കും സന്തോഷമായി. എല്ലാവരും ആഘോഷത്തിമർപ്പിലാണ്. കുഞ്ഞും അമ്മയും ആരോഗ്യവതിമാരാണ്. കുടുംബം അറിയിച്ചതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.