വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന് നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്റെ ഭീഷണി
|ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറുമാണ് സർക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നൽകിയത്.
ഗസ്സ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന് ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചർച്ച തുടരാമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്.
ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറുമാണ് സർക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നൽകിയത്. എന്നാൽ വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡൻ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ബെൻഗ്വിറിന്റെ ഒറ്റ്സ്മ യെഹൂദിത് കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ റിലീജ്യസ് സയണിസം പാർട്ടിക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സർക്കാർ നിലനിൽക്കുന്നത്. പ്രതിപക്ഷ നേതാവ് യായർ പിന്തുണ പ്രഖ്യാപിച്ചതിനാൽ തീവ്രവലതുപക്ഷം പിന്തുണ പിൻവലിച്ചാലും സർക്കാർ സാധ്യതയില്ല.
വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ, ഈജിപ്ത്, യു.എസ് ഉദ്യോഗസ്ഥർ കൈറോയിൽ സമ്മേളിച്ച് നിർദേശത്തിന് അന്തിമരൂപം നൽകി ഹമാസിനെയും ഇസ്രായേലിനെയും ഇതംഗീകരിപ്പിക്കാനാണ് നീക്കം. യുദ്ധാനന്തര ഗസ്സയുടെ ഭരണം സംബന്ധിച്ച് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ചർച്ചക്ക് തുടക്കം കുറിച്ചതായി മാധ്യമങ്ങൾ. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവസർക്കാറിനെ ഗസ്സയിൽ പ്രതിഷ്ഠിക്കുക എന്നതാണ് ഇസ്രായേൽ മുന്നിൽ കാണുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ബന്ദിമോചനം ആവശ്യപ്പെട്ട് തെൽഅവീവിൽ പ്രതിഷേധം ശക്തമാവുന്നതും നെതന്യാഹുവിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ നിർദേശമാണ് ബൈഡൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. അനുബന്ധമായി, ഘട്ടംഘട്ടമായി ബന്ദികളുടെയും നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെയും മോചനം നടക്കും. ബന്ദികളിൽ ആദ്യം സിവിലിയന്മാരെയും പിന്നീട് സൈനികരെയുമാകും വിട്ടയക്കുക. പ്രതിദിനം 600 എണ്ണമെന്ന തോതിൽ സഹായട്രക്കുകളും കടത്തിവിടും. ഗസ്സയിൽ യുദ്ധവിരാമവും പുനർനിർമാണവും അവസാനമായി നടപ്പാക്കും. എന്നാൽ, ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണം.
അതേസമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 60 മരണം കൂടിയായതോടെ ഗസ്സയിലെ ആകെ മരണ സംഖ്യ 36,439 ആയി. 20 നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽനിന്ന് 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് റഫ ഉൾപ്പെടെ ഗസ്സയിൽ. റഫ അതിർത്തി അടച്ച് ഗസ്സയിലേക്ക് സഹായട്രക്കുകൾ മുടങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.
അതിനിടെ ഫലസ്തീനിൽ തുടരുന്ന കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തി. ഇതിനായി നിയമ ഭേദഗതി നടത്തും. മാലദ്വീപ് നടപടിയെ ഹമാസ് സ്വാഗതം ചെയ്തു.