World
How the far-right National Rally of Marine Le Pen lost in France: 3 takeaways, France election 2024, French election 2024 results

മരിന്‍ ലൂ പെന്‍

World

'വിജയമുറപ്പിച്ച' നാഷനല്‍ റാലി എങ്ങനെ തോറ്റു? ഫ്രാന്‍സില്‍ ലൂ പെന്നിന്റെ തീവ്ര വലതുപക്ഷത്തിന് അടിതെറ്റിയതിങ്ങനെ

Web Desk
|
9 July 2024 11:12 AM GMT

അനായാസം ജയിച്ചടക്കാമെന്ന അമിതാത്മവിശ്വാസത്തിലായിരുന്നു നാഷനല്‍ റാലി നേതാക്കളെല്ലാം

പാരിസ്: നാഷനല്‍ റാലിയുടെ(ആര്‍.എന്‍) പാരിസ് ആസ്ഥാനത്ത് വിജയപ്രഖ്യാപനം വന്നാലുടന്‍ പൊട്ടിക്കാനുള്ള ഷാംപെയിന്‍ റെഡിയായിരുന്നു. ആത്മവിശ്വാസത്തിന്റെ പരകോടിയിലായിരുന്നു പാര്‍ട്ടി അമരക്കാരി മരിന്‍ ലൂ പെന്‍. ആദ്യഘട്ടത്തിലെ അപ്രമാദിത്തം രണ്ടാംഘട്ടത്തിലും തുടരുമെന്നുറപ്പിച്ചു നേതാക്കളെല്ലാം. എന്നാല്‍, ഞായറാഴ്ച രണ്ടാംഘട്ട ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ഇടതു സഖ്യം ന്യൂ പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്) രാഷ്ട്രീയ നിരീക്ഷകരെയെല്ലാം ഞെട്ടിച്ചു കുതിച്ചുകയറി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍സെംബിള്‍ സഖ്യത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് ഇരട്ടിയിലേറെ വോട്ട് ശതമാനമുയര്‍ത്തിയാണ് മരിന്‍ ലൂ പെന്നിന്റെ പാര്‍ട്ടി ആദ്യഘട്ടത്തില്‍ മുന്നേറിയത്; 31 ശതമാനമായിരുന്നു വോട്ട്. മാക്രോണിന്റെ സഖ്യം 15 ശതമാനത്തിലും പിന്നോട്ട് പോയിരുന്നു. പതിറ്റാണ്ടുകളായി ഫ്രഞ്ച് മണ്ണില്‍ വേരുകളാഴ്ത്താന്‍ ശ്രമിക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണവുമായിറങ്ങിയ മരിന്‍ ലൂ പെന്‍ ഒടുവില്‍ വിജയം കാണുന്നുവെന്നുറപ്പിച്ചു എല്ലാവരും. പ്രധാനമന്ത്രിയായി ലൂ പെന്നിന്റെ വിശ്വസ്തനായ യുവനേതാവ് ജോര്‍ദന്‍ ബാര്‍ദെല്ല വരുമെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. ആ സ്വപ്നങ്ങളെല്ലാം അട്ടിമറിക്കുംവിധമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

തീവ്ര വലതുപക്ഷത്തെ തടഞ്ഞ മാക്രോണ്‍-ഇടത് തന്ത്രം

രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി മിതവാദികള്‍ക്കും ഇടതു കക്ഷികള്‍ക്കുമിടയിലുണ്ടായ തന്ത്രപരമായ നീക്കം തന്നെയാണ് ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷത്തിന്റെ അധികാരാരോഹണം തടഞ്ഞുനിര്‍ത്തിയത്. എന്തു വിലകൊടുത്തും തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നതു തടയാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണു മുന്നിട്ടിറങ്ങിയത്.

നാഷനല്‍ റാലിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നു. അതു ഫലം കാണുകയും ചെയ്തു. ത്രികോണ മത്സരങ്ങള്‍ നടന്ന സീറ്റുകളിലെല്ലാം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി മറ്റുള്ളവര്‍ പിന്മാറി. ഇത്തരത്തില്‍ 200ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുനിന്ന് പിന്മാറിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്രഞ്ച് ജനഹിതത്തെ അട്ടിമറിക്കുകയാണ് മാക്രോണ്‍ ചെയ്തതെന്ന ആരോപണവുമായി മുഖം രക്ഷിക്കാനായിരുന്നു നാഷനല്‍ റാലി നേതാക്കളുടെ ശ്രമം. അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് പാര്‍ട്ടി തോറ്റതെന്നായിരുന്നു ലൂ പെനും ബാര്‍ദെല്ലയും പ്രതികരിച്ചത്. തീവ്ര ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്നെന്ന പഴിചാരി മാക്രോണിനെ ആക്രമിക്കാനും ശ്രമിച്ചു ഇവര്‍.

അമിതാത്മവിശ്വാസം ചതിച്ചു

അനായാസം ജയിച്ചടക്കാമെന്ന അമിതാത്മവിശ്വാസത്തിലായിരുന്നു നാഷനല്‍ റാലി നേതാക്കളെല്ലാം. ആ ആത്മവിശ്വാസം തന്നെയാണ് അവരെ ചതിച്ചതും. അനായാസം അധികാരം പിടിക്കാനാകുമെന്ന വിശ്വാസത്തില്‍ നേതാക്കന്മാര്‍ നടത്തി പ്രസ്താവനകളും പുറത്തെടുത്ത അഹന്തയും പാര്‍ട്ടിക്കു തിരിച്ചടിയായി.

വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നായിരുന്നു മരിന്‍ ലൂ പെന്‍ വോട്ടെടുപ്പ് ദിനം വരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പൊക്കെ എന്നോ വിജയിച്ചുകഴിഞ്ഞെന്ന അഹങ്കാരത്തിലായിരുന്നു ലൂ പെന്‍ അടക്കമുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളെല്ലാം. ഭരണഘടന തിരുത്തിയെഴുതുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നു.

ഇതെല്ലാം വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിച്ചു. ഭരണം പിടിക്കും മുന്‍പ് തന്നെ അഹന്ത കാണിക്കാന്‍ തുടങ്ങിയ നാഷനല്‍ റാലി തലവേദനയായി മാറുമെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ആദ്യഘട്ടത്തില്‍ ലൂ പെന്നിന്റെ രാഷ്ട്രീയത്തിന് വോട്ട് ചെയ്തവരും മാറിച്ചിന്തിച്ചു. രണ്ടാം ഘട്ടത്തില്‍ അവരെല്ലാം വോട്ട് മാറ്റിക്കുത്തിയതാണു തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്.

വംശീയതയ്ക്കും തീവ്ര ദേശീയതയ്ക്കുമെതിരെ ഒന്നിച്ച് വോട്ടര്‍മാര്‍

അതിതീവ്ര ദേശീയതയും തീവ്ര വലതുപക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ച നാഷനല്‍ റാലി പുറംതോടിലെങ്കിലും നിലപാടുകള്‍ മയപ്പെടുത്തി പുതിയ അടവ് പയറ്റാന്‍ തുടങ്ങിയിട്ട് അധികം കാലമായില്ല. വെറും വര്‍ഗീയ-വിദ്വേഷ രാഷ്ട്രീയം കൊണ്ട് ഭരണം പിടിക്കാനാകില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ നീക്കം. നിഷ്പക്ഷ വോട്ടര്‍മാരെ കൂടി പിടിക്കാനായി സെമിറ്റിക് വിരുദ്ധ, സ്വവര്‍ഗാനുരാഗ വിരുദ്ധ നയങ്ങളെല്ലാം മാറ്റിപ്പിടിച്ചു. പാര്‍ട്ടി അടിത്തറയായ മുസ്‌ലിം വിരുദ്ധത പോലും മയപ്പെടുത്തി.

എന്നാല്‍, ലൂ പെന്നിന്റെ ഈ അടവുനയത്തിന്റെ യഥാര്‍ഥ മുഖം തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പലതവണ മറനീക്കി പുറത്തുവന്നു. പല നാഷനല്‍ റാലി നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയുമെല്ലാം വായില്‍നിന്ന് മുസ്‌ലിം വിരുദ്ധ, വംശീയ പരാമര്‍ശങ്ങള്‍ അറിയാതെ പുറത്തുവന്നു. ലൂ പെന്നും പാര്‍ട്ടിയും മാറിയെന്ന് ചിന്തിച്ചവര്‍ക്കു മാറിച്ചിന്തിക്കാനുള്ള അവസരമായിരുന്നു അത്.

ഇതോടൊപ്പം ആദ്യഘട്ട തെരഞ്ഞെടുപ്പ് സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ വലിയ തോതില്‍ നാഷനല്‍ റാലിക്ക് എതിരായി വോട്ടുകള്‍ ഏകീകരിച്ചു. ആദ്യഘട്ടത്തെ അപേക്ഷിച്ചു രണ്ടാംഘട്ടത്തില്‍ വന്‍ പോളിങ്ങാണു രേഖപ്പെടുത്തിയത്. നാഷനല്‍ റാലി അധികാരത്തിലെത്തിയേക്കുമെന്ന പരിഭ്രാന്തി പരന്നതാണു കൂട്ടത്തോടെ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിച്ചതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ മുതല്‍ ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ വരെയുള്ള പ്രമുഖരുടെ പ്രതികരണങ്ങളും ആഹ്വാനങ്ങളും ജനങ്ങളെ സ്വാധീനിച്ചു. അങ്ങനെ തീവ്ര വലതുപക്ഷത്തിനെതിരെ അഭൂതപൂര്‍വമായ ഐക്യനിര രൂപപ്പെടുന്നതാണ് ഫ്രാന്‍സില്‍ കണ്ടതും തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞതും.

Summary: How the far-right National Rally of Marine Le Pen lost in France? 3 takeaways

Similar Posts