ഇമോജികളൊക്കെ നോക്കിയും കണ്ടും മതി: കർഷകന് 50 ലക്ഷത്തിന്റെ പിഴ വന്നത് ഇങ്ങനെ...
|കാനഡയിലെ സസ്‌കാച്ച്വനിലുള്ള ക്രിസ് ആക്ടർ എന്ന കർഷകനാണ് ഇമോജി പണി കൊടുത്തത്
ടെക്‌സ്റ്റ് മെസേജുകളിൽ വാക്കുകളുടെ സ്‌റ്റോക്ക് തീരുമ്പോൾ ഇമോജികളാണ് നമുക്ക് രക്ഷ. ഇമോജികളിലൂടെ മാത്രം സംസാരിക്കുന്നവരും കുറവല്ല. ഇമോജികൾ തെറ്റി അയച്ചതിന് കളിയാക്കലുകൾ കേട്ടതല്ലാതെ പിഴ വന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊന്ന് നടന്നിട്ടുണ്ട്, അങ്ങ് കാനഡയിൽ...
കാനഡയിലെ സസ്‌കാച്ച്വനിലുള്ള ക്രിസ് ആക്ടർ എന്ന കർഷകനാണ് ഇമോജി പണി കൊടുത്തത്. 2021ലായിരുന്നു പിഴശിക്ഷ ലഭിക്കാൻ ആസ്പദമായ സംഭവം. കെന്റ് മൈക്കിൾബൊറോ എന്ന ഉപഭോക്താവിന് വിളകൾ അയച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നത്തിലേക്ക് വഴി വെച്ചത്. നവംബറിൽ ആക്ടറിന്റെ വിളകൾ വാങ്ങാമെന്ന കെന്റിന്റെ സന്ദേശത്തിന് ആക്ടർ ത്ംബ്‌സ് അപ്പ് മറുപടിയായി നൽകി. ഇത് കോൺട്രാക്ടിനുള്ള സമ്മതമായി കെന്റ് കണക്ക് കൂട്ടുകയും ചെയ്തു.
എന്നാൽ നവംബറിൽ ആക്ടഖറിന് വിളകൾ വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ കെന്റ് പ്രശ്‌നമുന്നയിച്ചു. കോൺട്രാക്ട് സംബന്ധിച്ചുള്ള വിവരം ലഭിച്ചു എന്നാണ് താൻ ഇമോജി കൊണ്ട് അർഥമാക്കിയതെന്നും കോൺട്രാക്ടിനോടുള്ള സമ്മതമല്ല അതെന്നുമായിരുന്നു ആക്ടറിന്റെ മറുപടി.
കോടതിയിലെത്തിയ കേസിൽ ആക്ടറിന് പ്രതികൂല പിഴയുണ്ടാവുകയായിരുന്നു. തംബ്‌സ് അപ്പ് എന്നത് കേസിൽ ഔദ്യോഗിക ഒപ്പ് ആയേ കാണാനാകൂ എന്ന് വിധിച്ച കോടതി കരാർ ലംഘിച്ചതിന് ആക്ടറിന് 50 ലക്ഷം രൂപ പിഴയും വിധിച്ചു.