ആ തീരുമാനം മാറിയിരുന്നെങ്കില്‍ ഇവരുടെ സ്ഥാനത്ത് ഞങ്ങളാകുമായിരുന്നു; ടൈറ്റന്‍ ഭീതിയൊഴിയാതെ മറ്റൊരു അച്ഛനും മകനും
|"വാര്‍ത്തകളിലെല്ലാം ആ അച്ഛന്റെയും മകന്റെയും ചിത്രം തുടരെത്തുടരെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ്. ഒരൊറ്റ തീരുമാനം മാറിപ്പോയിരുന്നെങ്കില്‍ അവര്‍ക്ക് പകരം ഞങ്ങളുടെ ചിത്രം നിറയുമായിരുന്നു അവിടെയെല്ലാം,' ജയ് ബ്ലൂം
ലാസ് വേഗസ്: ടെറ്റാനിക്കിന്റെ ശേഷിപ്പുകള്‍ കാണാനുള്ള യാത്രക്കിടെ പൊട്ടിത്തകര്‍ന്ന് ഇല്ലാതായ ടൈറ്റന്‍ അന്തര്‍വാഹിനിയുടെ നടുക്കുന്ന ഓര്‍മകളിലാണ് ലോകം. ടൈറ്റന്‍ യാത്രയില്‍ നിന്നും അവസാന നിമിഷം പിന്മാറിയെങ്കിലും സംഭവത്തിന്റെ ഭീതി തങ്ങളെ വിട്ടൊഴിയുന്നില്ലെന്ന് പറയുകയാണ് ലാസ് വേഗസിലെ ജയ് ബ്ലൂം.
ലാസ് വേഗസിലെ പ്രധാന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമയായ ജയ് ബ്ലൂമും മകന്‍ ഷീനും ടൈറ്റനില്‍ യാത്ര നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ടൈറ്റാനിക് എന്ന ചിത്രത്തിന്റെ ആരാധകനായ മകന് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം സമ്മാനിക്കാമെന്ന ആശയിലായിരുന്നു ജയ്.
ഒാഷ്യന്‍ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്റ്റണ്‍ റഷുമായി ടിക്കറ്റിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷത്തില്‍ 250,000 ഡോളര്‍ എന്ന ടിക്കറ്റ് നിരക്കില്‍ നിന്നും 150,000 ഡോളറിലേക്ക് താഴ്ത്തിക്കൊണ്ടുള്ള ഓഫറും ഓഷ്യന്‍ഗേറ്റ് ജയ്ക്ക് മുമ്പില്‍ വെച്ചിരുന്നു.
എന്നാല്‍ ടൈറ്റിനില്‍ മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലെന്ന് മനസിലാക്കിയ ജയ് ബ്ലൂമും മകനും ഓഫര്‍ നിരസിക്കുകയും യാത്രയില്‍ നിന്ന് പിന്മാറുകയുമായിരുന്നു.
ടൈറ്റനിലെ മരണപ്പെട്ട യാത്രക്കാരിലുള്‍പ്പെട്ട പാകിസ്ഥാനിലെ ധനിക വ്യവസായി ഷഹ്‌സാദ ദാവൂദിന്റെയും മകന്‍ സുലേമാന്‍ ദാവൂദിന്റെയും മകന്റെയും ചിത്രങ്ങള്‍ തന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നവെന്ന് ജയ് പറയുന്നു. ദ പോസ്റ്റിനോടായിരുന്നു ജയ്‌യുടെ പ്രതികരണം.
'ആ അച്ഛന്റെയും മകന്റെയും ചിത്രം കാണുമ്പോള്‍ എനിക്ക് എന്നെയും മകനെയുമാണ് ഓര്‍മ വരുന്നത്. അവര്‍ ഇരുവരും ചിരിച്ചു നില്‍ക്കുന്നതു പോലെയുള്ള ഒരു ഫോട്ടോ ഞങ്ങള്‍ക്കുമുണ്ട്. അതൊരുതരം പേടിപ്പെടുത്തുന്ന സാമ്യമായി തോന്നുകയാണിപ്പോള്‍. വാര്‍ത്തകളിലെല്ലാം അവരുടെ ചിത്രം തുടരെത്തുടരെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ്. ഒരൊറ്റ തീരുമാനം മാറിപ്പോയിരുന്നെങ്കില്‍ അവര്‍ക്ക് പകരം ഞങ്ങളുടെ ചിത്രം നിറയുമായിരുന്നു അവിടെയെല്ലാം,' ജയ് ബ്ലൂം പറയുന്നു.
ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി കാണാതായത്. 110 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയാണ് ടൈറ്റന്‍ സബ്മെര്‍സിബിള്‍. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി, പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകന്‍ സുലേമാന്‍, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടണ്‍ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.