'ഹോം വർക്ക് ചെയ്തില്ല'; പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 12 വയസുകാരന്‍ മരിച്ചു
|പട്ടം പറത്താൻ പോകണമെന്ന് കുട്ടി വാശിപിടിച്ചതാണ് പ്രകോപിച്ചതെന്ന് പിതാവ്
കറാച്ചി: സ്‌കൂളിലേക്കുള്ള ഹോം വർക്ക് ചെയ്യാത്തതിന് 12 വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നടുക്ക സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഗുരതരമായി പൊള്ളലേറ്റ ഷഹീർഖാൻ എന്ന കുട്ടി രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെന്നും തുടർന്ന് മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഹോം വർക്ക് ചെയ്യാൻ വേണ്ടി ഭയപ്പെടുത്തുന്നതിനായാണ് പിതാവ് നസീർ ഖാൻ കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചത്. വേഗത്തിൽ ചെയ്തില്ലെങ്കിൽ തീ കൊളുത്തുമെന്ന് അദ്ദേഹം കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ തീ കുട്ടിയുടെ ദേഹത്തേക്ക് പടരുകയായിരുന്നെന്നുംഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തിയപ്പോൾ തീദേഹത്ത് പടർന്ന മകനെയാണ് കണ്ടത്. മാതാവും പിതാവും കുട്ടിയുടെ ദേഹത്തേക്ക് പുതപ്പുകളും മറ്റും ഇട്ട് തീയണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. മകന്റെ മരണത്തിന് ശേഷം ഭർത്താവിനെതിരെ മാതാവ് പരാതി നൽകുകയായിരുന്നു.
ഹോം വർക്ക് ചെയ്യാതെ പട്ടം പറത്താൻ പോകണമെന്ന് കുട്ടി വാശിപിടിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പിതാവ് പറഞ്ഞതായി പൊലീസ് ഓഫീസർ സലിം ഖാൻ പാകിസ്ഥാൻ വാർത്താ ഏജൻസികളോട് പറഞ്ഞു. പാഠ്യ ഭാഗവുമായി ബന്ധപ്പെട്ട് താൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി ഉത്തരം പറയാത്തതും തന്നെ ദേഷ്യം പിടിപ്പിച്ചെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പിതാവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.