World
father wrapped the hands of his slain son around a packet of biscuits in gaza
World

'നീയിത് വച്ചോളൂ പൊന്നുമോനേ'; ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചോമനയുടെ കൈയിൽ ബിസ്‌കറ്റ് വച്ച് കൊടുത്ത് പിതാവ്- ഹൃദയഭേ​ദക ദൃശ്യങ്ങൾ

Web Desk
|
29 Dec 2023 4:54 PM GMT

കൊല്ലപ്പെടുംമുമ്പ് ആ കുരുന്നുകൾ പിതാവിനോടും മുത്തച്ഛനോടും പറഞ്ഞുവിട്ടതായിരിക്കാം ബിസ്‌കറ്റിനും സോക്‌സിനും. പക്ഷേ....

ഗസ്സയിൽ ഇസ്രായേൽ കര-വ്യോമാക്രമണത്തിന് ഇരകളായ ഫലസ്തീൻ ജനതയുടെ ദയനീയതയുടെ നിരവധി കണ്ണീർകാഴ്ചകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുരുന്നുകളുടെയും വയോധികരുടേയുമടക്കം അതിലുൾപ്പെടും. മക്കളെ നഷ്ടമായ മാതാപിതാക്കളുടെയും മാതാപിതാക്കളെ നഷ്ടമായ മക്കളുടേയുമൊക്കെ കരളലിയിക്കുന്ന ദൃശ്യങ്ങൾ ലോകം ഇതിനോടകം കണ്ടു. അവയിൽ പലതും കാണുന്നവരുടെ കണ്ണു നനയിക്കുന്നതായിരുന്നു. അത്തരത്തിലുള്ള രണ്ട് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ട തന്റെ പിഞ്ചോമനയുടെ കുഞ്ഞുകൈകളിൽ അവനായി താൻ വാങ്ങിയ ബിസ്‌കറ്റ് വച്ചുകൊടുത്ത് കരയുന്ന പിതാവ്്, കൊല്ലപ്പെട്ട കുഞ്ഞു പേരക്കുട്ടിയുടെ കാലുകളിൽ താൻ വാങ്ങിയ സോക്‌സ് ഇട്ടുകൊടുക്കുന്ന മുത്തച്ഛൻ എന്നിവരുടെ ദൃശ്യങ്ങളാണ് ഏവരുടേയും ഹൃദയം പിളർക്കുന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് ഇരു കുഞ്ഞുങ്ങളേയും കിടത്തിയിരിക്കുന്നത്.

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുംമുമ്പ് തന്റെ പൊന്നോമനയ്ക്കായി ആ പിതാവ് വാങ്ങിയ ബിസ്‌ക്കറ്റായിരുന്നു അത്. എന്നാൽ അത് അവന് നൽകാനുള്ള ഭാഗ്യം ആ പിതാവിനോ വാങ്ങി കഴിക്കാനുള്ള ഭാഗ്യം ആ കുരുന്നിനോ ഉണ്ടായില്ല. പിതാവ് വീട്ടിലെത്തുംമുമ്പ് തന്നെ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തിൽ ആ കുഞ്ഞുമോൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരുന്നു.

'ഞാനിത് നിനക്കുവേണ്ടി വാങ്ങിയതാണ് പൊന്നുമോനേ, ഞാനിത് ഇവിടെ വയ്ക്കുന്നുണ്ടേ, നീയിത് പിടിച്ചോളൂ പൊന്നേ' എന്ന് പറഞ്ഞ് നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ടാണ് ആ പിതാവ് വെള്ളത്തുണിയിൽ പൊതിഞ്ഞുകിടത്തിയിരിക്കുന്ന മകന്റെ കുഞ്ഞുകരങ്ങളിൽ അവനായി വാങ്ങിയ ബിസ്‌കറ്റ് വച്ചുകൊടുക്കുന്നത്.

സമാനമായി, വെള്ളത്തുണിയിൽ പൊതിഞ്ഞ പേരക്കുട്ടിയുടെ മയ്യിത്തിനടുത്തിരുന്ന് അവന്റെ കാലുകളിൽ പുതിയ സോക്‌സ് ധരിച്ചുകൊടുക്കുന്ന മുത്തച്ഛൻ, തുടർന്ന് അവനെ മാറോടണച്ച് അന്ത്യ ചുംബനം നൽകുകയും പൊട്ടിക്കരയുകയും ചെയ്യുകയാണ്. ആ കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം സ്‌ട്രെക്ചറിൽ വേറെ മൃതദേഹവും കാണാം. സാക്ഷികളായവരുടേയും വീഡിയോ കാണുന്നവരുടേയും കണ്ണ് നനയിക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും.

കൊല്ലപ്പെടുംമുമ്പ് ആ കുരുന്നുകൾ പിതാവിനോടും മുത്തച്ഛനോടും പറഞ്ഞുവിട്ടതായിരിക്കാം ബിസ്‌കറ്റിനും സോക്‌സിനും. പക്ഷേ അതിന്റെ രുചിയും സുഖവും ആസ്വദിക്കാനുള്ള ഭാഗ്യം ആ പിഞ്ചു നാവിനും കാലുകൾക്കും ഇല്ലാതെ പോയി.

ഗസ്സയിൽ ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 8,800 കടന്നതായാണ് റിപ്പോർട്ട്. ഇതുവരെ 21,507 പേർ കൊല്ലപ്പെട്ടപ്പോൾ 55,915 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.




Similar Posts