World
ഡെല്‍റ്റ വകഭേദം ആശങ്കയാകുന്നു; യു.എസിൽ കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസിന് എഫ്.ഡി.എ അനുമതി
World

ഡെല്‍റ്റ വകഭേദം ആശങ്കയാകുന്നു; യു.എസിൽ കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസിന് എഫ്.ഡി.എ അനുമതി

Web Desk
|
13 Aug 2021 5:38 AM GMT

വാക്​സിൻ ഉപദേശക സമിതിയും എഫ്​.ഡി.എയും ഇന്ന്​ ചേരുന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്​സിന്‍റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള നീക്കങ്ങളുമായി യു.എസ്. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ് യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍റെ (എഫ്.ഡി.എ) നിര്‍ണായക തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം പ്രതിരോധശേഷി കുറഞ്ഞവർക്ക്​ ബൂസ്റ്റർ ഡോസ്​ വാക്​സിൻ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക്​ അനുമതിയുണ്ടാവുമെന്ന്​ എഫ്​.ഡി.എ കമീഷണർ ഡോ.ജാനറ്റ്​ വുഡ്​കോക്ക്​ അറിയിച്ചു. അവയവമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയമായവർക്കും മറ്റ്​ ഗുരുതര രോഗമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ്​ നൽകുകയെന്നാണ്​ സൂചന. അതായത്, ഇവർക്ക്​ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്​സിന്‍റെ മൂന്നാം ഡോസു കൂടി സ്വീകരിക്കാം.

വാക്​സിൻ ഉപദേശക സമിതിയും എഫ്​.ഡി.എയും ഇന്ന്​ ചേരുന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. അർബുദ, എയ്​ഡ്​സ്​ രോഗികൾക്ക്​ കോവിഡ്​ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ നൽകണമെന്ന്​ വൈറ്റ്​ ഹൗസ്​ ആരോഗ്യ ഉപദേഷ്​ടാവ് ഡോ. ആന്റണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കാള്‍ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനാണെന്നായിരുന്നു ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടത്.

അതേസമയം, ലോകത്തെ വാക്​സിൻ ക്ഷാമം കണക്കിലെടുത്ത് ബൂസ്റ്റർ ഡോസ്​ നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിന്മാറണമെന്ന്​ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡെൽറ്റ വകഭേദങ്ങളെ നേരിടാൻ മൂന്നാം ഡോസ് വാക്സിനുകൾ നൽകുന്നത് ഗുണകരമാകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്ററുകൾ നൽകാന്‍ തീരുമാനമെടുത്തിരുന്നു.

Similar Posts