World
യുക്രൈനിലെ യുദ്ധഭീതി; ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ
World

യുക്രൈനിലെ യുദ്ധഭീതി; ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ

Web Desk
|
15 Feb 2022 2:51 AM GMT

ഇരുരാജ്യങ്ങൾക്കിടയിലെയും സംഘർഷ സാധ്യത പരിഗണിച്ച് അന്റോണിയോ ഗുട്ടെറസ് ഉടൻ പ്രസ്താവന നടത്തുമെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് അറിയിച്ചു

യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ഉന്നത നയതന്ത്രജ്ഞൻ സെർജി ലാവ്റോവിയേയും യുക്രേനിയൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയേയും അന്റോണിയോ ഗുട്ടറസ് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

യുക്രൈനിൽ വർധിച്ചു വരുന്ന സംഘർഷങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ വേണ്ട എല്ലാ ചർച്ചകളെയും സ്വാഗതം ചെയ്യുന്നതായും ദുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യ യുക്രൈനിനെ ആക്രമിക്കില്ലെന്ന് ഗുട്ടെറസിന് ഉറച്ച ബോധ്യമുണ്ടെന്ന് ജനുവരി 21 ന് നടത്തിയ വാർത്ത സമ്മേളനത്തിൽ ഡുജാറിക് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നു തന്നെയാണ് കരുതുന്നതെന്നും ദുജാറിക് പറഞ്ഞു.

റഷ്യയുടെ നയതന്ത്ര ബന്ധത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടി 15 യുഎൻ സെക്യൂരിറ്റി കൗൺസിൽ അംബാസഡർമാരുമായി അന്റോണിയോ ഗുട്ടറസ് ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കിടയിലെയും സംഘർഷ സാധ്യത പരിഗണിച്ച് അന്റോണിയോ ഗുട്ടെറസ് ഉടൻ പ്രസ്താവന നടത്തുമെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് അറിയിച്ചു. സ്വദേശികളും വിദേശികളുമായി ആകെ മൊത്തം 1660 യു.എൻ ജീവനക്കാരാണ് യുക്രൈനിൽ സേവനമനുഷ്ഠിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎൻ ജീവനക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിനോ സ്ഥലം മാറ്റുന്നതിനോ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ദുജാറിക് വ്യക്തമാക്കി. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ വേണ്ട നടപടികളെ കുറിച്ച് സെക്യൂരിറ്റി കൗൺസിലിന്റെ യോഗം വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചു.

Similar Posts