ഇസ്രായേൽ - ഇറാൻ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതി; ഇടപെടലുമായി ലോകരാജ്യങ്ങൾ
|ഇറാനിനുള്ളിൽ നിന്ന് തന്നെയാണ് ഡ്രോൺ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം
ദുബൈ: ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന് ഇനിയും തയാറായിട്ടില്ല.
മേഖലയിൽ സംഘർഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ഫഹാൻ ആക്രമണം സംബന്ധിച്ച് ഇറാനും ഇസ്രായേലും പുലർത്തുന്ന മൗനമെന്നാണ് വിലയിരുത്തൽ.
തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മർദ്ദവും കരുതലോടെ നീങ്ങാൻ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്. ഇറാനിനുള്ളിൽ നിന്നു തന്നെയാണ് ഇസ്ഫഹനിൽ ഡ്രോൺ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ഡ്രോണുകളുടെ ഉറവിടവും മറ്റും ശേഖരിച്ചു വരികയാണെന്നും ആക്രമണത്തിൽ ആളപായമോ നാശനഷ്ങ്ങളോ ഉണ്ടായില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ സുരക്ഷാ വിഭാഗം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായി ഫോണിൽ സംസാരിച്ചു. മേഖലയുടെ സുരക്ഷ ഉൾപ്പെടെ കാര്യങ്ങൾ ചർച്ചയായതായി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്ഫഹൻ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ അമേരിക്കയും വിസമ്മതിച്ചു.
ഇറാന്റെ ഭാഗത്തുനിന്നും ആക്രമണസാധ്യത കണക്കിലെടുത്ത് ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ യുനൈറ്റഡ് എയർലൈൻസ് തീരുമാനിച്ചു. ഇസ്രയേലിലെ പൗരൻമാരോട് മടങ്ങാൻ ആസ്ത്രേലിയ നിർദേശിച്ചു.
മേഖലയെ ആപൽക്കരമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നായിരുന്നു ഇസ്രായേൽ അനുകൂല രാജ്യങ്ങളുടെയും പ്രതികരണം. ഇസ്രായേലിനും ഇറാനും പരോക്ഷ മുന്നറിയിപ്പ് നൽകി ഗൾഫ് രാജ്യങ്ങളും രംഗത്തുവന്നു.
അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. റഫ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ആകെ മരണ സംഖ്യ 34,000 കടന്നു. വെസ്റ്റ് ബാങ്കിലെ തുൽകറമിലെ നൂർ അൽ ശംഷ് അഭയാർഥി ക്യാമ്പിൽ ഫലസ്തീൻ ബാലൻ ഉൾപ്പെടെ അഞ്ച് പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി.
ഫലസ്തീൻ പോരാളികളുടെ പ്രത്യാക്രമണത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. യു.എന്നിൽ ഫലസ്തീന് പൂർണ അംഗത്വം തേടുന്ന പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നടപടിയെ ഒ.ഐ.സിയും അറബ് ലീഗും വിമർശിച്ചു.