World
The French Football Federation (FFF) has ordered clubs and referees not to call off matches for Muslim playerss ifthar during Ramadan.
World

'നോമ്പ് തുറക്കാൻ മത്സരത്തിൽ ഇടവേള നൽകരുത്'; ഉത്തരവിട്ട് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ

Web Desk
|
13 March 2024 4:40 PM GMT

മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാനായി മത്സരങ്ങൾ താൽക്കാലികമായി നിർത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു

റമദാനിൽ മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ ഫ്രഞ്ച് ലീഗ് (ലീഗ് വൺ) മത്സരത്തിൽ ഇടവേള നൽകരുതെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ(എഫ്എഫ്എഫ്). നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി റമദാനിൽ സായാഹ്ന മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) വിസമ്മതിച്ചതായി മിഡിൽ ഈസ്റ്റ് മോണിറ്ററടക്കം വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ തീരുമാനം അറിയിച്ച് ഫുട്‌ബോൾ ക്ലബുകൾ, റഫറി കമ്മിറ്റി, മത്സര സംഘാടകർ തുടങ്ങിയവർക്ക് എഫ്എഫ്എഫ് മെയിൽ അയച്ചതായി ഫ്രഞ്ച് ആർഎംസി വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറഞ്ഞു.

കഴിഞ്ഞ വർഷവും മുസ്‌ലിം താരങ്ങൾക്ക് നോമ്പ് തുറക്കാൻ മത്സരം നിർത്താൻ എഫ്എഫ്എഫ് വിസമ്മതിച്ചത് വിവാദമായിരുന്നു. 'മതേതരത്വ തത്വങ്ങൾ ബഹുമാനിച്ചു'ള്ള മാർഗ്ഗനിർദേശമാണ് തങ്ങൾ പിന്തുടരുന്നതെന്നായിരുന്നു ഫെഡറേഷന്റെ അവകാശവാദം.

പ്രകോപനം ഒഴിവാക്കാൻ ഈ വർഷം റഫറിമാർക്കോ ലീഗ്, ഡിസ്ട്രിക്റ്റ് പ്രസിഡന്റുമാർക്കോ പുതിയ ശിപാർശകളൊന്നും അയയ്‌ക്കേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിച്ചതായി എഫ്എഫ്എഫിന്റെ ഫെഡറൽ കമ്മീഷൻ ഓഫ് റഫറി (സിഎഫ്എ) എറിക് ബോർഗിനിയെ ഉദ്ധരിച്ച് ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തിരുന്നു. 'ഇത് (മത്സര തടസ്സങ്ങൾ) വീണ്ടും സംഭവിക്കുന്നുവെന്ന് മനസ്സിലാക്കിയാൽ ഞങ്ങൾ ഒരു ഓർമ്മപ്പെടുത്തൽ നടത്തും' അദ്ദേഹം പറഞ്ഞു.

'ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതുപോലെ, എല്ലാ ഇടവേളകളും നിരോധിക്കാൻ എഫ്എഫ്എഫ് അതിന്റെ ചട്ടങ്ങളും (ആർട്ടിക്കിൾ 1.1) അതിന്റെ തത്വങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. അതിന്റെ വീക്ഷണത്തിൽ, അത്തരമൊരു നടപടി നിഷ്പക്ഷതയുടെ തത്വത്തിന് വിരുദ്ധമാണ്, മതപരിവർത്തനത്തിനോ പ്രചാരണത്തിനോ തുല്യമാണ്' ലെ പാരിസിയൻ റിപ്പോർട്ടിൽ പറഞ്ഞു.

അതേസമയം, ഫ്രാൻസിലേതിന് വിപരീതമായി, റമദാനിൽ മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാനായി മത്സരങ്ങൾ താൽക്കാലികമായി നിർത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു. ജർമനിയിലും നെതർലാൻഡിലും സമാനമായ സമീപനങ്ങളുണ്ട്.

Similar Posts