"വെടിയൊച്ചകൾ മാത്രമാണ് കാതിൽ.. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല": സുഡാനിൽ നിന്ന് മുഹമ്മദ് ഷഫീഖ് എം.കെ എഴുതുന്നു
|ഇനിയും എത്ര മണിക്കൂർ.. എത്ര ദിവസം ഇങ്ങനെ തുടരാൻ സാധിക്കും, അറിയില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പോലും അറിയില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കഴിയുകയാണ്...
സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാവുകയാണ്. ജനലിനരികെ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ആൽബർട്ടിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മുഹമ്മദ് ഷഫീഖ് എം.കെ സുഡാനിലെ അനുഭവങ്ങൾ വിവരിക്കുന്നു:-
രാവിലെ കൂടി സംസാരിച്ചതാണ് ആൽബർട്ടിനോട്... മരണവിവരം അറിഞ്ഞപ്പോൾ എന്താ ചെയ്യണ്ടതെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാവസ്ഥയായിരുന്നു. ഒരേ കമ്പനിയിൽ വർക്ക് ചെയ്യുന്നവരാണ് ഞങ്ങൾ. ജനലിനരികിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് ആൽബർട്ടിന് വെടിയേറ്റത്. വളരെ അടുത്ത ബന്ധമുള്ള ഒരാളായിരുന്നു.
വെടിയൊച്ച കേട്ടാണ് ഇപ്പോൾ എഴുന്നേൽക്കുന്നത് തന്നെ. എയർപോർട്ടിന് അടുത്ത് താമസിക്കുന്നത് കൊണ്ടുതന്നെ എന്തും സംഭവിക്കാമെന്ന ഒരവസ്ഥയാണ്. ഖാർത്തൂമിലെ എയർപോർട്ട് ഏരിയകളിലാണ് ആക്രമണം രൂക്ഷം. വെടിവെപ്പും എവിടെ നിന്നൊക്കെയോ ബോംബ് വീഴുന്നതുമല്ലാതെ വേറെ ശബ്ദങ്ങളൊന്നും ഇവിടെ കേൾക്കാതെയായിരിക്കുന്നു. സുഡാനിലെ പ്രധാന സ്ഥലങ്ങളെല്ലാം പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്.
പുറത്തിറങ്ങരുത്, ജനലരികിൽ നിൽക്കരുത്.. കർശന നിർദേശങ്ങളാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്നത്. ശാന്തരായിരിക്കാൻ അധികൃതർ നിരന്തരം നിർദേശം നൽകുമ്പോഴും ആൽബർട്ടിന്റെ മരണത്തോടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലയിടത്തും വൈദ്യുതിയില്ല, എന്റെ വീട്ടിൽ ഇന്നലെ ഉച്ചക്കാണ് കറന്റ് പോയത്. വളരെ ചുരുക്കം ചില ഏരിയകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്. കുടിവെള്ളമില്ലാതെ കഴിയുന്നവരും കുറവല്ല. എന്താണ് ചെയ്യണ്ടതെന്ന് അറിയാതെ നിസ്സഹായരാണ് എല്ലാവരും.
വാട്‍സ്ആപ് വഴി ഇന്ത്യക്കാർ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. നേരത്തെ തന്നെ ഇന്ത്യക്കാർക്കായി കെസിഎ എന്ന പേരിൽ ഒരു ഗ്രൂപ്പ് നിലവിലുണ്ടായിരുന്നു. ഇതുവഴിയാണ് അധികൃതർ നിർദേശങ്ങൾ നൽകുന്നത്. ഏകദേശം നൂറോളം മലയാളികൾ ഈ ഗ്രൂപ്പിലുണ്ട്. ഓഫീസിൽ ജോലി ചെയ്യുന്നവരും നഴ്സുമാരുമാണ് കൂടുതൽ. എംബസിയിൽ നിന്ന് വരുന്ന നിർദേശങ്ങൾ മാത്രമാണ് ഇപ്പോൾ ഗ്രൂപ്പുകളിലുള്ളത്. ആളുകളുടെ കൂടുതൽ വിവരങ്ങളറിയാൻ മറ്റൊരു വഴിയുമില്ല.
ആൽബർട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയാൻ കഴിഞ്ഞു. ഇവരെ കെട്ടിടത്തിന്റെ താഴ്ഭാഗത്തേക്ക് (ബേസ്മെന്റ്) മാറ്റിയിരിക്കുകയാണ്. ഇവർ താമസിക്കുന്ന കെട്ടിടത്തിന് സമീപം തുരുതുരാ വെടിയുതിർത്ത് കൊണ്ടിരിക്കുകയാണ് സൈന്യം. ഇവിടുത്തെ കെട്ടിടങ്ങൾ ലക്ഷ്യം വെച്ചും വെടിവെപ്പ് നടക്കുന്നുണ്ടെന്ന് വിവരമുണ്ട്.
എവിടേക്കും നീങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. എയർപോർട്ട് എപ്പോൾ സാധാരണ രീതിയിലാകുമെന്ന കാര്യത്തിൽ ഒരുറപ്പും അധികൃതർക്ക് പറയാനില്ല. നാട്ടിലേക്ക് പോകാനിരിക്കെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കരമാർഗം എയർപോർട്ടിലെത്താൻ ഒരു വഴിയുമില്ല. പന്ത്രണ്ട് മണിക്കൂർ യാത്ര ചെയ്‌താൽ മറ്റൊരു എയർപോർട്ടിലെത്താം. പക്ഷേ, ഇവിടേക്ക് എത്തിപ്പെടുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
എവിടെ നോക്കിയാലും പുകച്ചുരുകൾ മാത്രമാണ് കാണാൻ സാധിക്കുക. ഞാനും ഭാര്യയും മകനും മാത്രമാണ് ഇവിടെ താമസിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഇവിടെ നിന്ന് പുറത്തുകടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഫ്രിഡ്ജിലുള്ള സാധനങ്ങളെല്ലാം തീർത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ.. ഇനിയും എത്ര മണിക്കൂർ.. എത്ര ദിവസം ഇങ്ങനെ തുടരാൻ സാധിക്കും, അറിയില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പോലും അറിയില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കഴിയുകയാണ്...