റഷ്യയുടെ മിഗ്- 31 യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഫിൻലാൻഡ്
|റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഫിൻലാൻഡ് നാറ്റോ അംഗത്വം തേടുന്നതിനിടെയാണ് സംഭവം എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ഹെൽസിങ്കി: രണ്ട് റഷ്യൻ മിഗ്- 31 യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചുവെന്ന ആരോപണവുമായി ഫിൻലാൻഡ്. ഫിൻലാൻഡ് ഉൾക്കടലിലെ തീരദേശ നഗരമായ പോർവോയ്ക്ക് സമീപം ഫിന്നിഷ് വ്യോമാതിർത്തി ലംഘിച്ചതായാണ് ആരോപണം.
വ്യാഴാഴ്ച ഫിൻലാൻഡ് സമയം രാവിലെ 6.40ഓടെയായിരുന്നു സംഭവം. പടിഞ്ഞാറോട്ട് പോവുകയായിരുന്ന റഷ്യൻ യുദ്ധവിമാനങ്ങളിൽ രണ്ടെണ്ണം ഏകദേശം രണ്ടുമിനിറ്റോളം നേരം ഫിന്നിഷ് വ്യോമാതിർത്തിയിൽ ഉണ്ടായിരുന്നതായി ഫിൻലാൻഡ് പ്രതിരോധ മന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ക്രിസ്റ്റ്യൻ വക്കുരി പറയുന്നു.
ഫിന്നിഷ് വ്യോമാതിർത്തിയിൽ ഒരു കിലോമീറ്ററാണ് മിഗ് വിമാനങ്ങൾ അതിർത്തി ലംഘിച്ചതെന്ന് ക്രിസ്റ്റ്യൻ വക്കുരി പറഞ്ഞു. ഇതിന് ശേഷം വിമാനങ്ങൾ പുറത്തുപോയോ എന്ന കാര്യത്തിൽ അദ്ദേഹം വിശദീകരണം നൽകിയിട്ടില്ല. മിഗ് വിമാനങ്ങളുടെ സാന്നിധ്യം 'ഓപ്പറേഷൻ ഫ്ലൈറ്റ് മിഷനിലൂടെ' ഫിന്നിഷ് വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഫിൻലാൻഡ് നാറ്റോ അംഗത്വം തേടുന്നതിനിടെയാണ് സംഭവം എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.