ഗസ്സയിൽ അഭയാർഥിക്യാമ്പിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു
|ജന്മദിനാഘോഷങ്ങൾക്കിടെ ഗ്യാസ് സിലിണ്ടർ ചോർന്നാണ് അപകടം
ഗസ്സ: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ്യ അഭയാർഥി ക്യാമ്പിലാണ് അപകടമുണ്ടായത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ജന്മദിനാഘോത്തിനായി മെഴുകുതിരികൾക്ക് തീകൊളുത്തവെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. അടുക്കളയിൽ നിന്ന് പാചകവാതകം ചോർന്നതാണ് അപകടത്തിനിടയാക്കിയത്.
തീയുടെ കാഠിന്യം മൂലം കുടുംബാംങ്ങളെ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തീപിടിത്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഗസ്സ ഭരിക്കുന്ന ഹമാസ് അറിയിച്ചു. ലോകത്തെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് ഗസ്സ. വൈദ്യുതി ദൗർലഭ്യം മൂലം മെഴുകുതിരി ഉപയോഗിക്കുന്നത് കാരണം തീപിടിത്തം തുടർക്കഥയാണ്. യു.എൻ കണക്കുകൾ പ്രകാരം 6,00,000 അഭയാർഥികൾ തിങ്ങിനിറഞ്ഞ ആറ് ക്യാമ്പുകളിലായാണ് കഴിയുന്നത്.