ഇന്തോനേഷ്യയില്‍ ജയിലിന് തീപിടിച്ച് 41 പേര് വെന്തുമരിച്ചു
|മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പാർപ്പിച്ചിരുന്ന ബ്ലോക്കിലാണ് അപകടം.
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര് വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ടാൻഗെറംഗിലെ ജയിലിൽ സി ബ്ലോക്കിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പാർപ്പിച്ചിരുന്ന ബ്ലോക്കിലാണ് അപകടം. ഇവിടെ 122 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ തീപിടിത്തം ഉണ്ടാകുമ്പോൾ എത്ര പേരുണ്ടായിരുന്നുവെന്ന് ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയില്ല.
സംഭവത്തില്‍ 41 പേര് മരിച്ചതായും എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ജക്കാർത്ത പൊലീസ് മേധാവി ഫാദിൽ ഇമ്രാൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരെ ടാൻഗെറംഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേർക്ക് നേരിയ തോതില്‍ പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.