World
അമേരിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
World

അമേരിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Web Desk
|
2 Dec 2021 6:23 AM GMT

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാലിഫോര്‍ണിയയിലെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാലിഫോര്‍ണിയയിലെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇദ്ദേഹം രണ്ട് ഡോസ് വാക്സിനും എടുത്തയാളാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമേ നിലവിലുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

നവംബർ 22ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങിയെത്തി ഏഴ് ദിവസത്തിന് ശേഷമാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ക്വാറന്‍റൈനിലാണ് രോഗി. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ ഇതിനകം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. അതേസമയം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

ദക്ഷിണ കൊറിയയിലും രണ്ട് ഗള്‍ഫ് രാജ്യങ്ങളിലും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സാന്നിധ്യം ഇന്നലെ കണ്ടെത്തി. നിലവില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയവരെ ക്വാറന്‍റൈന്‍ ചെയ്യാനും സമ്പര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിക്കാനും കഴിയുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം ഉണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങളുടെ ആശങ്ക. നിലവിലെ വാക്സിനുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ എത്രത്തോളം പര്യാപ്തമാണെന്ന കാര്യത്തില്‍ പഠനം തുടരുകയാണ്.

രണ്ട് ഡോസ് വാക്സിനും പൂര്‍ത്തിയായവര്‍ നിശ്ചിത കാലാവധിക്കു ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൌരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കയില്‍ 60 ശതമാനം പേരാണ് രണ്ട് ഡോസും എടുത്തത്. അഞ്ച് ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസുമടുത്തു. ഒമിക്രോണിന്‍റെ വ്യാപനശേഷിയെ കുറിച്ചും വൈറസ് ബാധ എത്രത്തോളം ഗുരുതരമാണെന്നതിനെ കുറിച്ചും വ്യക്തമാകാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടിവരും.

Related Tags :
Similar Posts