തെളിവ് നൽകാനാകാതെ ഇസ്രായേൽ; യു.എൻ എജൻസിക്കെതിരായ അഞ്ച് കേസുകൾ അവസാനിപ്പിച്ചു
|നിരവധി രാജ്യങ്ങൾ ഏജൻസിക്കുള്ള സഹായവിതരണം നിർത്തിവെച്ചിരുന്നു
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ ഐക്യരാഷ്ട്ര സഭ അവസാനിപ്പിച്ചു. ഇസ്രായേലിന് മതിയായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
ഗസ്സയിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ജീവനക്കാർ ഹമാസിന്റെ ഓപ്പറേഷനിൽ പങ്കെടുത്തതായി കഴിഞ്ഞ ജനുവരിയിൽ ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഏജൻസിക്കുള്ള സഹായവിതരണം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നിർത്തിവെക്കുകയുണ്ടായി.
12ലധികം ഏജൻസി ജീവനക്കാർക്കെതിരെയായിരുന്നു ആരോപണം. ഇതിൽ അഞ്ച് കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകളൊന്നും ഇസ്രായേൽ നൽകാത്തതിനാൽ ഒരാളെ വെറുതെവിട്ടു. മറ്റു മൂന്ന് കേസുകളിലും ഇസ്രായേലിന് തെളിവുകൾ നൽകാനായിട്ടില്ല. മെയിൽ യു.എൻ സംഘം ഫലസ്തീൻ സന്ദർശിക്കുന്നുണ്ട്. ഈ സമയത്ത് തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഒരു കേസ് പുനഃപരിശോധിക്കും. ശേഷിക്കുന്ന കേസുകളിൽ അന്വേഷണം തുടരുകയാണെന്നും സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
ഏജൻസിക്കുള്ള സഹായം നിർത്തിവെച്ചതോടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇസ്രായേലെന്ന അധിനിവേശ രാജ്യം രൂപീകൃതമായി ഒരു വര്‍ഷം കഴിഞ്ഞ് 1949ലാണ് ഏജന്‍സി ആരംഭിക്കുന്നത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
അതേസമയം, ഒക്‌ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഏജന്‍സിയുടെ നിരവധി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുദ്ധാനന്തരം ഗസ്സയില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.