World
അഞ്ച് പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്; അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിൽ സ്‌ഫോടനം
World

അഞ്ച് പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്; അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിൽ സ്‌ഫോടനം

Web Desk
|
21 April 2022 12:03 PM GMT

അഫ്ഗാനിസ്ഥാനിൽ തങ്ങൾ അധികാരത്തിലേറിയതോടെ രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശ വാദം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസാർ-ഇ-ഷരീഫ് ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ ആരോഗ്യ അതോറിറ്റിയുടെ വക്താവ് സിയ സെൻഡാനിയാണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറൻ കാബൂളിലെ ഷിയാ വിഭാഗക്കാർ കൂടുതലുള്ള ഹസാര പ്രദേശത്തെ ഹൈസ്‌കൂളിൽ സ്ഫോടനം നടന്നതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മസാർ-ഇ-ഷെരീഫ് പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് താലിബാൻ കമാൻഡർ വക്താവ് മുഹമ്മദ് ആസിഫ് വസേരി അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷമായ ഷിയാ സമുദായത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്നാണ് ഈ സന്ദർഭത്തിൽ ഉയരുന്ന പ്രധാന ആരോപണം.

താൻ സഹോദരിയോടൊപ്പം അടുത്തുള്ള മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്നതിനിടയിലാണ് വലിയ ശബ്ദം കേട്ടതെന്നും പള്ളിയുടെ പരിസരത്ത് നിന്നും പുക ഉയരുന്നത് കണ്ടെന്നും പള്ളിക്ക് സമീപത്തുള്ള നിവാസികളിൽ ഒരാൾ പറഞ്ഞു. ''കടകളുടെ ചില്ലുകൾ തകർന്നു, അവിടെ നല്ല തിരക്കായിരുന്നു, എല്ലാവരും ഓടാൻ തുടങ്ങി,'' പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച സ്ത്രീ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ തങ്ങൾ അധികാരത്തിലേറിയതോടെ രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശ വാദം. എന്നാൽ ഇതുപോലുള്ള സ്‌ഫോടന പരമ്പരകൾ ഇനിയുമുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Similar Posts